തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധം: സഊദി ആരോഗ്യ മന്ത്രാലയം

0
1822

റിയാദ്: തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിലും പൊതു പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും വേദികളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തവക്കൽന ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങളില്ലാത്ത പള്ളികൾ പോലുള്ള ഇൻഡോർ ഏരിയകളിൽ ശാരീരിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ എടുക്കുന്നത് മാസ്ക് ധരിക്കാത്തതിന്റെ ന്യായീകരണമല്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഒരു ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു.

രോഗബാധിതരുടെ എണ്ണം 265 ദശലക്ഷത്തിലധികം കടന്നതിനാൽ, പകർച്ചവ്യാധി ഇപ്പോഴും ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “സഊദി അറേബ്യയിൽ ഗുരുതര കേസുകളിൽ കുറവുണ്ടായിട്ടുണ്ട്, എന്നാൽ കേസുകളുടെ എണ്ണത്തിൽ നാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.