കോഴിക്കോട്: കോഴിക്കോട് ജില്ലയിലും ഒമിക്രോണ്‍ ജാഗ്രത. നവംബര്‍ 21-ാം തീയതി യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു. ബ്രിട്ടനില്‍ നിന്ന് എത്തിയ യുവാവിന്റെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് ജില്ലകളില്‍ നിന്നുള്ളവരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ജീനോമിക് സീക്വന്‍സിംഗ് പരിശോധന നടത്തിയാല്‍ മാത്രമെ ഒമിക്രോണ്‍ വകഭേദമാണോയെന്ന് വ്യക്തമാവുകയുള്ളു. 21-ാം തീയതി നാട്ടിലെത്തിയ ഇദ്ദേഹത്തിന് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വിവിധ ജില്ലകളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക കോണ്ടാക്ട് ലിസ്റ്റില്‍ രണ്ട് പേരാണുള്ളത്. ഇദ്ദേഹത്തിന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ അമ്മയുടേയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്കും അയച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖ് വ്യക്തമായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. കര്‍ണാടകയിലാണ് രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായി വഴിയെത്തിയ 66കാരനാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ രാജ്യം വിട്ടിരുന്നു. 46കാരനായ ബെംഗളൂരു ഡോക്ടറാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍, ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ നിരീക്ഷണത്തിലാണ്.
മാർഗനിർദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയവരുടെ വിവരം നിർണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.
ഇതിനിടെ 28-ന് റഷ്യയിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാൻ ശ്രമം തുടങ്ങി. ഇവർ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കേന്ദ്ര നിർദേശമനുസരിച്ചാണ് ഇവരെ പരിശോധിച്ച് തുടർനടപടികൾക്ക് ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണീകരണ പഠനത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്താൻ അതിവേഗ നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്.