റിയാദ്: ഒമിക്രോൺ സഊദിയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ആരോഗ്യ മന്ത്രാലയവക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് അൽ ഇഖ്ബാരിയ ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധമായി പ്രതികരിച്ചത്. ഇൻഷാ അല്ലാഹ് നമ്മൾ വീണ്ടും ലോക്ക് ഡൗണിലേക്ക് മടങ്ങില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആദ്യ കാലങ്ങളിൽ ലോകത്ത് വൈറസിന്റെയോ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോൾ, വാക്സിനുകളുടെ ലഭ്യതയും സമൂഹത്തെക്കുറിച്ചുള്ള അവബോധവും കുറവായിരുന്നുവെന്നതിനാൽ ഭയം കൂടുതലായിരുന്നുവെന്നും ഇന്നിപ്പോൾ 22.3 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതും അവരിൽ ചിലർ ബൂസ്റ്റർ ഡോസ് എടുത്തതുമൊക്കെ ഭയം കുറയാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വാക്‌സിൻ എടുക്കാത്തതോ ഒരു ഡോസ് മാത്രം എടുക്കുന്നതോ ആയ ഒരു ശതമാനം ആളുകൾ എങ്കിലും സമൂഹത്തിൽ ഉള്ളതിനാൽ മുൻകരുതൽ നടപടികൾ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ എടുക്കാത്ത കുട്ടികൾ ഉൾപ്പെടെയുള്ള പ്രായത്തിലുള്ള വിഭാഗങ്ങളുണ്ടെന്നതിനാൽ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ കൈകളിലാണ്. അതിനാൽ, എല്ലാവരും ഇനിയും പ്രതിരോധ മുൻ കരുതലുകൾ പാലിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.