ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പാക്കിയ പ്രവാസി പെൻഷൻ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് മലപ്പുറം ജില്ലയിലെ തലപ്പാറ പുള്ളാട്ട് കൺവെൻഷൻ സെൻററിൽ നടക്കുന്ന കെ.എം.സി.സി സ്നേഹ സംഗമത്തിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചരിത്രത്തിലാദ്യമായി ഒരു പ്രവാസി സംഘടന പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി 60 വയസ് തികഞ്ഞവർക്ക് പ്രതിമാസ പെൻഷൻ ഏർപ്പെടുത്തുകയാണ്.
കോവിഡ് കാലത്ത് നാട്ടിൽ വന്ന് മടങ്ങാനാവാതെ പ്രയാസപ്പെടുന്ന പ്രവാസി കുടുംബങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നൽകുന്ന സ്നേഹ സമ്മാനത്തിൻ്റെ വിതരണ ഉൽഘാടനം ഉച്ചക്ക് 1.45 ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സ്നേഹ സമ്മാനവുമായി പുറപ്പെടുന്ന വാഹനങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ നിർവഹിക്കും. സി.എച്ച് സെൻററുകൾക്കുള്ള ജിദ്ദ കെ.എം.സി.സി വക ഫണ്ട് പി.കെ.കുഞ്ഞാലികുട്ടി എം എൽ എ ഏറ്റുവാങ്ങും.
സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം.എ.സലാം, എം എൽ എ മാരായ കെ.പി.എ. മജീദ്, യു. എ ലത്തീഫ് , പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, പി.ഉബൈദുള്ള, ടി.വി.ഇബ്രാഹീം എന്നിവരും അബ്ദുറഹ്മാൻ കല്ലായി,കെ. എം ഷാജി, ഉമ്മർ പാണ്ടികശാല, സി.കെ.റസാഖ് മാസ്റ്റർ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കും.
വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാനുള്ള സ്നേഹ സമ്മാനം കൊണ്ട് പോവാൻ കെ.എം.സി.സി ജില്ല, മണ്ഡലം കമ്മിറ്റികൾ ഏർപെടുത്തിയ വാഹനങ്ങൾ നേരത്തെ എത്തിച്ചേരണം. പരിപാടി വിജയിപ്പിക്കാൻ
നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും പാർട്ടി പ്രവർത്തകരും നേരത്തെ എത്തിച്ചേരണമെന്ന് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടി അബൂബക്കർ അരിമ്പ്ര അഭ്യാർത്ഥിച്ചു.




