ഫോർമുല 1: സഊദി അറേബ്യൻ ഗ്രാൻഡ് പ്രീയുടെ അംബാസഡറായി സഊദിയിലെ ആദ്യ വനിതാ റേസർ റീമ ജുഫാലിയെ നിയമിച്ചു

0
2655

ജിദ്ദ: സഊദി അറേബ്യയിലെ ആദ്യ വനിതാ റേസിംഗ് ഡ്രൈവറായ റീമ ജുഫാലിയെ ഈയാഴ്ച ജിദ്ദയിൽ നടക്കുന്ന രാജ്യത്തിന്റെ പ്രഥമ ഫോർമുല വൺ ഗ്രാൻഡ് പ്രീയുടെ അംബാസഡറായി നിയമിച്ചതായി സംഘാടകർ അറിയിച്ചു. ഈ വർഷം ബ്രിട്ടീഷ് ഫോർമുല ത്രീ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 29 കാരിയായ യുവതി ചെങ്കടലിന്റെ തീരത്ത് നടക്കുന്ന റേസിൽ ഒരു ലാപ്പ് ഓടിക്കുന്ന ആദ്യ വ്യക്തികളിൽ ഒരാളായിരിക്കും. ജന്മനഗരത്തിൽ, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡ്രൈവർമാർക്ക് പോസിറ്റീവ് റോൾ മോഡൽ എന്ന നിലയിൽ ട്രാക്കിന് അകത്തും പുറത്തും നിരവധി പരിപാടികളിൽ ജുഫാലി പങ്കെടുക്കും.

2018-ൽ സഊദി അറേബ്യ സ്ത്രീകൾ വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയ അതെ വർഷം തന്നെ ഒരു പരമ്പരയിൽ മത്സരിക്കുന്ന ആദ്യത്തെ സഊദി വനിതാ ലൈസൻസ് ഉടമയായി ജുഫാലി മാറിയിരുന്നു. സഊദി അറേബ്യയിൽ നടക്കുന്ന ആദ്യത്തെ ഫോർമുല 1 റേസ് വാരാന്ത്യത്തിൽ സഊദി മോട്ടോർ സ്‌പോർട്ടിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിച്ച ബഹുമതിയാണെന്ന് യുവതി പ്രതികരിച്ചു. വാരാന്ത്യത്തിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, എന്റെ കഥയും യാത്രയും അവരുടെ സ്വപ്നം പിന്തുടരുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആർക്കും പ്രചോദനം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവർ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 3 നും 5 നും ഇടയിൽ ലോകത്തിലെ ഏറ്റവും മികച്ച ഫോർമുല 1 റേസർമാരുടെ മികച്ച പ്രകടനമായിരിക്കും ജിദ്ദ കോർണിഷ് സർക്യൂട്ടിൽ നടക്കുക. ആഗോള ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്സിന്റെ ആദ്യ പതിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പങ്കെടുക്കുന്ന ഡ്രൈവർമാർ മണിക്കൂറിൽ ശരാശരി 250 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ഏറ്റവും വേഗതയേറിയ തെരുവായി മാറും.