വിദേശ ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം

0
2883

റിയാദ്: വിദേശങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമാക്കി മന്ത്രാലയം. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ കൊവിഡ് അവലോകന വാർത്താസമ്മേളനത്തിലാണ് മന്ത്രാലയ പ്രതിനിധി നിബന്ധനകൾ വ്യക്തമാക്കിയത്. ഉംറ വിസ നൽകുന്നതിന് മുമ്പ് വാക്സിൻ, പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയിരിക്കണം എന്നതാണ് ഉംറയും രാജ്യത്തേക്കുള്ള പ്രവേശന വിസയും നൽകുന്നതിനുള്ള അടിസ്ഥാനപരവുമായ വ്യവസ്ഥയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ്, എഞ്ചി. ഹിഷാം സയീദ് പറഞ്ഞു.

രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയിൽ വരുന്ന തീർഥാടകർ സഊദി അംഗീകരിച്ച വാക്‌സിനുകളിൽ ഒന്ന് പൂർണ്ണ ഡോസ് എടുത്തവരാണെങ്കിൽ ഉംറ ആപ്ലിക്കേഷൻ വഴി അവർക്ക് അനുവദിച്ച പെർമിറ്റുകൾ അനുസരിച്ച് ആചാരങ്ങളും സന്ദർശനങ്ങളും പ്രാർത്ഥനകളും നടത്താൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല.

എന്നാൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ ഡോസ് സ്വീകരിച്ചു വിദേശത്തു നിന്ന് വരുന്ന തീർത്ഥാടകർക്ക് 3 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നടപടിക്രമങ്ങൾ ബാധകമാക്കുമെന്നും 48 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്. ലബോറട്ടറി പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ വിസയുടെ കാലാവധിക്കനുസരിച്ച് അവർക്ക് ആചാരാനുഷ്ഠാനങ്ങൾ നടത്താനും രാജ്യത്ത് താമസിക്കാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.