ഭീതി പടർത്തി ഒമിക്രോണ്‍; അതിർത്തി പൂർണ്ണമായും അടക്കുന്ന ആദ്യ രാജ്യമായി ഇസ്‌റാഈല്‍, കരുതല്‍ നിയന്ത്രണങ്ങളിലേക്ക് ഇന്ത്യയും

0
5231

ലണ്ടന്‍: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഇസ്‌റാഈല്‍ തങ്ങളുടെ അതിർത്തികൾ പൂർണ്ണമായും അടച്ചു. മാരകമെന്ന് കരുതുന്ന ഒമിക്രോണിനെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ ആശങ്ക പടര്‍ന്നതിനു പിന്നാലെ വിദേശികള്‍ക്ക് പൂര്‍ണവിലേക്കര്‍പ്പെടുത്തിയ ആദ്യ രാജ്യമായിരിക്കയാണ് ഇസ്‌റാഈല്‍. കൊവിഡ് പരിശോധനക്കിടെ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഏഴു പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയിക്കുന്നുമുണ്ട്. രാജ്യത്ത് തിരിച്ചെത്തുന്ന ഇസ്‌റാഈലികള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം.

ലോകത്തെ വീണ്ടും ഭീതിയിലാക്കി കൊവിഡ് വൈറസിന്റെ ‘ഒമിക്രോണ്‍ വകഭേദം കഴിഞ്ഞ ദിവസങ്ങളിലാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ അപകടകാരിയെന്ന് ആശങ്ക ഉയര്‍ത്തിക്കഴിഞ്ഞ വകഭേദത്തെ ലോകാരോഗ്യ സംഘടന, ‘അതിവ്യാപനശേഷിയുള്ള, ആശങ്ക ഉളവാക്കുന്ന വൈറസ് വകഭേദം എന്നവിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലും സാന്നിധ്യമറിയിച്ചതോടെ ലോകരാജ്യങ്ങള്‍ യാത്രനിരോധനവും നിയന്ത്രണവും കൊണ്ടുവന്നുതുടങ്ങി.

കൊവിഡ് സ്ഥിതി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗ വ്യാപനശേഷിയുള്ള വൈറസ് എത്തിയത് സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലാന്‍സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയ അറുനൂറിലേറെ യാത്രക്കാര്‍ ഒമിക്രോണ്‍ ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സില്‍ ഭാഗിക അടച്ചിടല്‍ ഏര്‍പ്പെടുത്തി.

അതേസമയം, ഒമിക്രോണ്‍ കൊവിഡ് വകഭേദത്തെക്കുറിച്ച ആഗോള ആശങ്കകള്‍ മുന്‍നിര്‍ത്തി ഇന്ത്യയും കരുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 15ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പഴയപടി പുനരാരംഭിക്കാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധന നടപടികള്‍ വിമാനത്താവളങ്ങളില്‍ ശക്തമാക്കും.

ഡല്‍ഹി, മുംബൈ, അഹ്മദാബാദ് നഗരങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്. തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ദുരന്തകാര്യ നിര്‍വഹണ അതോറിറ്റിയുടെ യോഗം വിളിച്ചു. ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ അടിയന്തരമായി വിലക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി വിളിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗം നിര്‍ദേശിച്ചു. യൂറോപ്പിലും മറ്റും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ആശുപത്രികളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കണമെന്നും നിർദേശമുണ്ട്.