50 വയസ് പിന്നിട്ട വിദേശ ഉംറ തീർഥാടകർക്ക് അനുമതി നൽകില്ലെന്ന തീരുമാനം സഊദി അറേബ്യ പിൻവലിച്ചു

0
2283

മക്ക: 50 വയസ് പിന്നിട്ട വിദേശ ഉംറ തീർഥാടകർക്ക് അനുമതി നൽകില്ലെന്ന തീരുമാനം സഊദി അറേബ്യ പിൻവലിച്ചു. സഊദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം റദ്ദാക്കിയെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഉക്കാദ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ, ഉംറ നിർവഹിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും പെർമിറ്റ് നൽകുന്നതിനുമുള്ള പ്രായപരിധി 18 നും 50 നും ഇടയിലാക്കി നിശ്ചയിച്ചിരുന്നു.

ഇതോടൊപ്പം, മക്ക ഹറമിലും റൗദയിലും പ്രാർത്ഥനയ്‌ക്കും പ്രവാചകന്റെ ഖബർ സന്ദർശിക്കാനും മന്ത്രാലയം ഇതേ പ്രായപരിധി നിശ്ചയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം 50ന് മുകളിൽ പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സാധിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾക്കും പ്രതിരോധ പ്രോട്ടോക്കോളുകൾക്കും അനുസൃതമായായിരിക്കും അനുമതി നൽകുക.

അതേസമയം, 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ അനുവദിക്കില്ല. എന്നാൽ, സഊദിക്കകത്ത് നിന്നുള്ള 12 വയസിന് മുകളിൽ ഉള്ളവർക്ക് ഉംറയ്‌ക്കും ഇരു ഹറം പള്ളികളിലെ പ്രാർത്ഥനയ്‌ക്കും അനുമതി നൽകും. എന്നാൽ, വാക്സിൻ എടുക്കണമെന്ന നിർബന്ധമുണ്ട്. വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറക്കും മറ്റുമായി ഇഅതമർന, തവക്കൽന ആപ്ലിക്കേഷനുകൾ വഴി ബുക്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്.

ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്കും ഉംറ തീർത്ഥാടകർക്കായി എത്താൻ സാധിക്കും. ഇരു ഹറം പള്ളികളുടെ മുഴുവൻ ശേഷിയും ഉപയോഗിക്കാനുള്ള രാജാവിന്റെ ഉത്തരവും യാത്രാ വിലക്ക് നീക്കിയതും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന വിദേശ ഉംറ തീർഥാടകരുടെ ഒഴുക്കിന് കാരണമാകും.