സഊദിയിൽ പകർച്ചപ്പനിക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

0
3316

റിയാദ്: സഊദി അറേബ്യയിൽ പകർച്ചപ്പനിക്കെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ആരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേർ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്. കാലാവസ്ഥ മാറ്റവും പകർച്ചപനി വർധിക്കാൻ കാരണമാകുന്നുണ്ട്. ഡിസംബർ ഏഴ് മുതൽ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാൽ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാക്സിൻ തികച്ചും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ചപ്പനി വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ അലി മുന്നറിയിപ്പ്‌ നൽകുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക, ശുചിത്വം ഉറപ്പുവരുത്തുക, കൈകൾ സോപ്പിട്ട് കഴുകുക, കണ്ണും വായും മൂക്കും കൈകൊണ്ട് സ്പർശിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ സ്വദേശികളും വിദേശികളും ഫ്ളൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകളിൽ പോയി അവ സ്വീകരിക്കണമെന്നും https://www.moh.gov.sa/awarenessplateform/VariousTopics/Documents/FluCenters.pdf എന്ന ലിങ്കിൽ പോയാൽ അടുത്തുള്ള ഫ്ളൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകൾ മനസ്സിലാക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പെടുക്കണം, സ്വദേശികളോടും വിദേശികളോടും സഊദി ആരോഗ്യ മന്ത്രാലയം