സയാമീസ് ഇരട്ടകളായ സൽമയും സാറയും റിയാദിലെത്തി,വേർപ്പെട്ട് ഇരു മെയ്യാകാൻ

0
3062

റിയാദ്: സയാമീസ് ഇരട്ടകളായ ഈജിപ്ഷ്യൻ കുട്ടികൾ റിയാദിലെത്തി. ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ “സൽമയും സാറയും” അവരുടെ മാതാപിതാക്കളോടൊപ്പമാണ് ഈജിപ്തിൽ നിന്ന് തലസ്ഥാനമായ റിയാദിൽ വേർപ്പെടാനുള്ള ശസ്ത്രക്രിയക്കായി എത്തിച്ചേർന്നത്. സഊദി അറേബ്യ അയച്ച പ്രത്യേക ഏയർ ആംബുലൻസിൽ സയാമീസ് ഇരട്ടകൾ റിയാദിലെത്തിയത്. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് കുട്ടികളുടെ മാതാവ് ഫാതിമ അൽസയ്യിദ് റിയാദിൽ വിമാനമിറങ്ങിയ ശേഷം പറഞ്ഞു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശ പ്രകാരമാണ് ഈ കുട്ടികളുടെ ശസ്ത്രക്രിയ റിയാദിൽ നടത്തുന്നത്.

തലകൾ ഒട്ടിച്ചേർന്ന ഇവരുടെ ആരോഗ്യ സ്ഥിതി പഠിച്ച ശേഷമായിരിക്കും വേർപിരിയൽ ഓപ്പറേഷൻ ശസ്ത്രക്രിയ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുക. റോയൽ കോർട്ട് ഉപദേശകനും സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ശാസ്ത്രക്രിയ മെഡിക്കൽ സംഘ തലവൻ ഡോ: അബ്ദുള്ള അൽ റബീഅയുടെ മേൽനോട്ടത്തിക്കായിരിക്കും പരിശോധനകളും ശസ്ത്രക്രിയകളും നടക്കുക.

ലോകമെമ്പാടുമുള്ള 22 രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുകയും ഓപ്പറേഷനുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സഊദിയിലെത്തിക്കുന്ന 118-ാമത്തെ കേസാണ് ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളുടെത്.