റിയാദ്: യാത്രാ നടപടികൾ സുഗമമാക്കുവാനായി സഊദിയുടെ തവക്കൽനയും ബഹ്‌റൈന്റെ ആരോഗ്യ ആപ്പ് പാസ്പോർട്ടുകൾ തമ്മിൽ ലിങ്ക് ചെയ്യുന്നു. ഇരു രാജ്യങ്ങളുടെയും ആരോഗ്യ പാസ്‌പോർട്ട് സജീവമാക്കുന്നതിനും പരസ്പരം ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ റിയാദിൽ ഒപ്പുവച്ചു. കിംഗ് ഫഹദ് കോസ്‌വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിനും കൊറോണ വൈറസിനെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിലവിലുള്ള ആരോഗ്യ നടപടിക്രമങ്ങളും ആവശ്യകതകളും അവർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പുതിയ സംവിധാനം ഏറെ സഹായകരമാകും.
സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ: അബ്ദുല്ല ബിൻ ഷറഫ് അൽ ഗംദിയും ബഹ്‌റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി സിഇഒ മുഹമ്മദ് ബിൻ അലി അൽ ഖാഇദും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ബഹ്‌റൈനിലെ അംബാസഡർ ഷെയ്ഖ് ഹമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പ്രതിരോധ കുത്തിവയ്പ്പിന്റെ തെളിവോ “കൊറോണ” പരിശോധനയുടെ ഫലമോ കൈവശം വയ്ക്കേണ്ട ആവശ്യമില്ലാതെ യാത്രക്കാരന് പൂർണ്ണമായും യാന്ത്രികമായി കോസ്‌വേ കടക്കാനാകും
കൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ പശ്ചാത്തലത്തിൽ രണ്ട് സഹോദര രാജ്യങ്ങളും കൈക്കൊള്ളുന്ന പ്രതിരോധ, നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുകയാണ് രാജ്യവും ബഹ്‌റൈനും തമ്മിലുള്ള ഈ സഹകരണം ലക്ഷ്യമിടുന്നത്. കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള സഞ്ചാരം സുഗമമാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും കൊവിഡ് ആരോഗ്യ ആപ്പുകൾ തമ്മിലുള്ള സാങ്കേതിക സംയോജനത്തിൽ നിന്ന് പ്രയോജനം നേടാനും, ആരോഗ്യ പാസ്‌പോർട്ട് ഡാറ്റയുമായി ബന്ധിപ്പിച്ച് കൊറോണ സ്ഥിതി വിവരങ്ങൾ അടിസ്ഥാനമാക്കി യാത്രക്കാർക്ക് പ്രവേശിക്കാനുള്ള യോഗ്യത നിർണ്ണയിക്കാൻ ഇരു രാജ്യങ്ങളിലെയും പാസ്‌പോർട്ട് സംവിധാനങ്ങൾ ഏറെ സഹായകരമാകും.
യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും യാത്രക്കാരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനും കിംഗ് ഫഹദ് കോസ്‌വേയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ വ്യക്തിഗതവും ആരോഗ്യപരവുമായ എല്ലാ വിവരങ്ങളും ഉടനടി പരിശോധിക്കാൻ പ്രാപ്‌തമാക്കാനും ലിങ്കിംഗ് പ്രക്രിയ സഹായിക്കും.