യുഎഇ യിൽ പുതിയ തൊഴിൽ നിയമം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ

പ്രവാസികൾക്ക് ഏറെ ഉപകാരമാകുന്ന മാറ്റങ്ങളാണ് വരുന്നത്

0
2469

അബുദാബി: യു.എ.ഇയിൽ പുതിയ തൊഴിൽ നിയമം 2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഹ്യൂമൻ റിസോർസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമങ്ങളാണ് യു.എ.ഇ പ്രാബല്യത്തിൽ വരുത്തുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹിയാൻ ആണ് നിയമം പുറപ്പെടുവിച്ചത്. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം.

ഫെഡറൽ നിയമത്തിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021ലെ 33ാം നമ്പർ നിയമം അടുത്ത വർഷം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും. ഫ്ളക്സിബിൾ വർക്ക്, പാർട്ട് ടൈം, ഫ്രീലാൻസ്, ദീർഘ നേരമുള്ള ജോലി സമയം എന്നിവയുൾപ്പെടെ വിവിധ തൊഴിൽ വിഭാഗങ്ങൾ പുതിയ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് മാനവവിഭവ ശേഷി- എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ തവാർ പറഞ്ഞു. ഈ പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സാങ്കേതികവിദ്യയിലെ പുരോഗതിയെയും കൊവിഡിന്റെ ഫലമായി വിപണിയിൽ ഉണ്ടായ ഏറ്റവും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയെന്നതും മന്ത്രാലയം ലക്ഷ്യമിടുന്നു.

പുതിയ തൊഴിൽ നിയമം അനുസരിച്ചു പ്രൊബേഷൻ ആറു മാസത്തിൽ കൂടുതലാകാൻ പാടില്ല. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് ഇത് തടയുന്നുമുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല. ഈ വകുപ്പുകളെല്ലാം പ്രവാസികളടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമായ മാറ്റങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലിടത്തിൽ സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള ഘടകങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. തൊഴിലാളികൾക്കെതിരെ അവരുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ നടത്തുന്ന ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ വാക്കാലോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവയും ഇത് നിരോധിക്കുന്നു. വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത് തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു.