ന്യൂഡൽഹി: 99 രാജ്യങ്ങളിൽ നിന്നെത്തുന്ന ടൂറിസ്റ്റുകൾക്ക് ഇന്ത്യ ക്വാറൻ്റീൻ ഒഴിവാക്കി. അംഗീകൃത വാക്സിനുകൾ പൂർണ്ണമായും സ്വീകരിച്ച ടൂറിസ്റ്റുകൾക്കാണ് നിർബന്ധിത ക്വാറന്റൈൻ ഇന്ത്യ ഒഴിവാക്കിയത്. അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയത്.
അതേ സമയം, 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും എയർ സുവിധയിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യലും ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ ഒക്ടോബര്‍ 15 ന് പുനഃരാരംഭിച്ചപ്പോള്‍, നേരത്തെ ഉണ്ടായിരുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരണമെന്ന നിബന്ധന ഒഴിവാവക്കിയിരുന്നു. ചാര്‍ട്ടര്‍ ചെയ്യാത്ത വിമാനങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യ ഇപ്പോൾ വിസ നല്‍കി തുടങ്ങിയിട്ടുണ്ട്.
ക്വാറൻ്റീൻ ഒഴിവാക്കിയ രാജ്യങ്ങളിൽ യു എസ്, യു കെ, ഫ്രാൻസ്, ജർമനി എന്നിവക്ക് പുറമെ ഗൾഫ് രാജ്യങ്ങളായ യു എ ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, സഊദി അറേബ്യ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഇന്ത്യക്കാർക്ക് ഇത് വരെ നേരിട്ട് സഊദിയിലേക്ക് പോകാനായുള്ള അനുമതി നൽകിയിട്ടില്ല. എയർ ബബ്ൾ കരാറും പ്രാബല്യത്തിൽ വന്നിട്ടില്ല. ഇതിനെതിരെയുള്ള ഇന്ത്യയുടെ നീക്കം കൂടിയാണ് ഈ തീരുമാനമെന്നാണ് കരുതുന്നത്.
