റിയാദ്: സഊദിയിലേക്ക് കടത്താൻ ശ്രമിച്ച 23 ലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് 2.3 ദശലക്ഷത്തിലധികം വരുന്ന ഫെനെത്തിലിൻ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
ഹദീത തുറമുഖം വഴി രാജ്യത്തേക്ക് വരുന്ന ട്രക്കിന്റെ അറയിൽ അതി വിദഗ്ധമായ രീതിയിൽ ഒളിപ്പിച്ച നിലയിലാണ് 2,302,325 നിരോധിത ഗുളികകൾ കണ്ടെത്തിയതെന്ന് അൽ ഹദീതയിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വിശദീകരിച്ചു.

രാജ്യത്തേക്കുള്ള മുഴുവൻ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുകയാണെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്തിനെ ചെറുക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജിഡിഎൻസി) യുമായുള്ള പ്രവർത്തനം ശക്തമാണ്.
കള്ളക്കടത്ത് തടയുന്നതിനും സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിൽ ബന്ധപ്പെട്ടോ സഹായങ്ങൾ ചെയ്യണമെന്ന് അതോറിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു.
കള്ളക്കടത്ത് കുറ്റകൃത്യങ്ങൾ, പൊതു കസ്റ്റംസ് നിയമ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് കിട്ടുന്ന റിപ്പോർട്ടുകൾ രഹസ്യമായി സൂക്ഷിക്കുകയും നൽകിയ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ വിവരം നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുകയും ചെയ്യും.