മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഒട്ടകമിടിച്ച് കാർ അപകടം, ചികിത്സയിലായിരുന്ന ഡ്രൈവറും മരണപ്പെട്ടു

0
4709

മദീന: മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒട്ടകത്തിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫാ(38)ണ് ബുധനാഴ്ച മരിച്ചത്. എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവീസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മൂന്ന് മക്കളുണ്ട്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലിയും മരിച്ചിരുന്നു. അപകടത്തിൽ റഊഫ് അടക്കം മൂന്നു പേർക്ക് മാരകമായി പരിക്കേറ്റിരുന്നു.

പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫർസീന ചേരുംകുഴിയിൽ, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവർ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ്‌ ആശുപത്രിയിലും മുഹമ്മദ് ബിൻസ് റാബഖ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

റാബഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകൾ അയ്മിൻ റോഹ, റിൻസില എന്നിവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

അപകടത്തിൽ മരണപ്പെട്ട മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) യുടെ മൃതദേഹം മക്കയിൽ ഖബറടക്കി. മസ്‌ജിദുൽ ഹറമിൽ അസർ നമസ്‌കാരാനന്തരം നടന്ന മയ്യിത്ത് നമസ്‌കാര ശേഷം ജന്നത്തുൽ മുഅല്ല മഖ്ബറയിലാണ് ഖബറടക്കം നടന്നത്. ഖബറടക്ക ചടങ്ങുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ജിസാനിലെ ബഖാല ജീവനക്കാരനായിരുന്നു റിഷാദ് അലി. നിയമ നടപടികൾ പൂർത്തിയാക്കാൻ കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ), ഗഫൂർ ചേലേമ്പ്ര, തൗഹാദ് മേൽമുറി, ഫഹദ് മലപ്പുറം (റാബഗ്), ബഷീർ മാനിപുരം (മക്ക) തുടങ്ങിയവർ നേതൃത്വം നൽകി.