റിയാദ്: സഊദിയിൽ സീസണൽ ഇൻഫ്ളുവൻസക്കെതിരെ ബോധവത്ക്കരണ കാംപയിനുമായി സഊദി ആരോഗ്യ മന്ത്രാലയം. സീസണൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും വിദേശികളോടും ആരോഗ്യ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. പ്രായമായവർ, വിട്ടു മാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് പുറാമെ പൊതു സമൂഹത്തെയും കാംപയിൻ ലക്ഷ്യമാക്കുന്നുണ്ട്.
പകർച്ചപ്പനിക്കെതിരായ വാക്സിൻ സുരക്ഷിതവും സൗജന്യവുമാണ്. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി അതിെൻറ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിെൻറ ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകർച്ചപ്പനി തടയാനുള്ള പ്രതിരോധ മാർഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സ്വദേശികളും വിദേശികളും ഫ്ളൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകളിൽ പോയി അവ സ്വീകരിക്കണമെന്നും https://www.moh.gov.sa/awarenessplateform/VariousTopics/Documents/FluCenters.pdf എന്ന ലിങ്കിൽ പോയാൽ അടുത്തുള്ള ഫ്ളൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകൾ മനസ്സിലാക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
