അനുകൂല പ്രഖ്യാപനത്തിന് കാതോർത്ത് പ്രവാസികൾ
റിയാദ്: ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സംഘം സഊദി എയർലൈൻസ് മേധാവിയുമായി ചർച്ച നടത്തി. സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സഊദി എയർലൈൻസ് മേധാവി ഇബ്രാഹീം അൽ ഉമറുമായി ആസ്ഥാനത്ത് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്ന് സഊദിയിലെക്കുള്ള വിമാന സർവ്വീസ് പുനഃരാരംഭമാണ് ചർച്ചയായത്.
ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ, നിലവിൽ കൊവിഡ് കേസുകളിലെ കുറവ് എന്നിവ ഇരുവരും സഊദിയയുമായി പങ്ക് വെച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസുമായി ബന്ധപ്പെട്ടുള്ള ചർച്ചയുടെ പൂർണ വിവരം എംബസി പുറത്ത് വിട്ടിട്ടില്ല. എങ്കിലും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. വളരെ നേരത്തെ തന്നെ സർവ്വീസുകൾ പുനഃരാരംഭിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്ന് അംബാസിഡർ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവ്വീസുകൾ നേരത്തെ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത അംബാസഡർ കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
നേരത്തെ, സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയ സഊദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ: എസ്. ജയ്ശങ്കർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ വരാനാകുമെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സഊദി അംഗീകൃത കൊവിഡ് വാക്‌സിൻ രണ്ട് ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെയും ഒരു ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ സഹിതവുമുള്ള പ്രവേശനാനുമതിയാണ് വരാനിരിക്കുന്നതെന്നും ഇപ്രകാരമാണ് വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ധാരണയിലെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇതേ കുറിച്ച് യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നീക്കം. അനുകൂല തീരുമാനം ഇനിയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കും, ആരോഗ്യ, വിദ്യാഭ്യാസ മേഖല ജീവനക്കാർക്കുമാണ് നേരിട്ട് സഊദിയിലേക്ക് മടങ്ങാൻ അനുമതി. അല്ലാത്തവർ സഊദി വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്.
ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് വിമാന വിലക്ക് നീങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തീരുമാനം ആയിട്ടില്ലെന്ന് അംബാസിഡർ ഔസാഫ് സഈദ്