മദീനയിൽ ഒട്ടകമിടിച്ചു മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട സംഭവം, മൂന്ന് പേരുടെ നില ഗുരുതരം

0
2897

ഉംറക്ക് ശേഷം നാട്ടിൽ മടങ്ങാനായിരുന്നു പദ്ധതി, ഇതിനിടെയാണ് അപകടം, കാർ പൂർണ്ണമായും തകർന്നു

മദീന: ഉംറക്ക് ശേഷം മദീനാ സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം. സംഭവത്തിൽ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28) ആണ് മരിച്ചത്. റിഷാദിന്റെ ഭാര്യ തുവ്വൂർ മരുതത്ത് ഫര്‍സീന ചേരുംകുഴിയില്‍, മകള്‍ അയ്മിന്‍ റോഹ (മൂന്നര), ജിദ്ദയില്‍ ജോലി ചെയ്യുന്ന തുവ്വൂര്‍ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിന്‍സില, ഇവരുടെ മാതാവ് വട്ടിപ്പറമ്പത്ത് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബിന്‍സ് (16), ഡ്രൈവർ അബ്ദുല്‍ റഊഫ് കൊളക്കാടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തിൽ തകർന്ന ഇന്നോവ കാർ

ഇവരില്‍ അബ്ദുല്‍ റഊഫ്, ഫര്‍സീന, റംലത്ത് എന്നിവരുടെ പരിക്കാണ് ഗുരുതരം. ഇവരെ ജിദ്ദ അബ്ഹൂര്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച റിഷാദ് അലിയുടെ മകള്‍ അയ്മിന്‍ റോഹ, റിന്‍സില, മുഹമ്മദ് ബിന്‍സ് എന്നിവര്‍ റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച റിഷാദ് അലി ജിസാനില്‍ ബഖാല ജീവനക്കാരനായിരുന്നു. സന്ദര്‍ശക വിസയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലെത്തി നാട്ടുകാരനായ നൗഫലിന്റെ കുടുംബവുമായി ഇന്നോവ കാറില്‍ മദീന സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

റാബിഖ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിസാനിലുള്ള ഇദ്ദേഹത്തിന്റെ സഹോദരൻ റിയാസ് ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് കൺവീനർ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റാബിഖ് കെ.എം.സി.സി വെൽഫയർ വിങ് അംഗങ്ങളായ ഗഫൂർ ചേലേമ്പ്ര, തൗഹാദ് മേൽമുറി, ഫഹദ് മലപ്പുറം എന്നിവർ രംഗത്തുണ്ട്.