ജുബൈൽ: ലോകത്തിലെ ഏറ്റവും മികച്ച പഠന നഗരത്തിനുള്ള യുനെസ്‌കോയുടെ അന്താരാഷ്ട്ര പുരസ്‌കാരം കിഴക്കൻ സഊദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി നേടി. ദക്ഷിണ കൊറിയൻ നഗരമായ യോൻസുവിൽ നടക്കുന്ന പഠന നഗരങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ചയാണ് അവാർഡ് പ്രഖ്യാപിച്ചത്. യുനെസ്‌കോയുടെ ലേണിംഗ് സിറ്റി സ്ട്രാറ്റജി നടപ്പാക്കുന്നതിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഈ വർഷത്തെ അവാർഡ് നേടിയ പത്ത് നഗരങ്ങളിൽ ഒന്നാണ് ജുബൈൽ.

അൽ-വക്ര (ഖത്തർ), ബെൽഫാസ്റ്റ് (യുണൈറ്റഡ് കിംഗ്ഡം), ക്ലെർമോണ്ട്-ഫെറാൻഡ് (ഫ്രാൻസ്), ഡാമിയറ്റ (ഈജിപ്ത്), ഡബ്ലിൻ (അയർലൻഡ്), ഹ്യൂജോത്സിംഗോ, (മെക്‌സിക്കോ), ഒസാൻ (റിപ്പബ്ലിക് ഓഫ് കൊറിയ), ഷാങ്ഹായ് (ചൈന), വിന്ദാം (ഓസ്ട്രേലിയ). എന്നിവയാണ് യുനെസ്‌കോയുടെ അവാർഡ് ലഭിച്ച മറ്റ് പഠന നഗരങ്ങൾ.
അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു സ്വതന്ത്ര ജൂറിയുടെ ശുപാർശ പ്രകാരമാണ് യുനെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് ലോംഗ് ലേണിംഗ് (യുഐഎൽ) ലേക്ക് ഇവയെ തിരഞ്ഞെടുത്തത്.
ഈ വർഷത്തെ യുനെസ്കോ ലേണിംഗ് സിറ്റി അവാർഡ് ജേതാക്കൾ അവരുടെ പൗരന്മാരെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനും ആഗോള വെല്ലുവിളികൾ പരിഹരിക്കുന്നതിന് സംയുക്തമായി പ്രവർത്തിക്കാൻ ആവശ്യമായ അറിവ് നേടാനും പ്രാപ്തരാക്കുന്നുവെന്ന് അവാർഡ് ദാന ചടങ്ങിന് മുന്നോടിയായി UIL ഡയറക്ടർ ഡേവിഡ് അച്ചോരെന പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ വ്യാവസായിക നഗരമായ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി സുസ്ഥിര വ്യാവസായിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന നഗരം കൂടിയാണ്. 200,000-ത്തിലധികം ജനസംഖ്യയുള്ള ഇവിടെ എല്ലാവർക്കും വിദ്യാഭ്യാസവും ആജീവനാന്ത പഠനാവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കുകയും മികച്ച രീതികൾ അവലംബിക്കുകയും സമഗ്രമായ അറിവും വൈദഗ്ധ്യവും കൊണ്ട് സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
സുസ്ഥിര വികസനം, സംരംഭകത്വം, ആരോഗ്യം, ക്ഷേമം എന്നിവ കേന്ദ്രീകരിക്കുന്ന വിദ്യാഭ്യാസത്തിൽ, സായാഹ്ന ക്ലാസുകളിലൂടെ 168,000-ലധികം പൗരന്മാരെ നൈപുണ്യം വർദ്ധിപ്പിക്കൽ, എന്നിവക്ക് പുറമെ 5,000-ലധികം ഗുണഭോക്താക്കളുടെ സാക്ഷരതാ വൈദഗ്ധ്യം വർധിപ്പിക്കുകയും ചെറുകിട ഇടത്തരം ബിസിനസുകൾ കണ്ടെത്തുന്നതിന് പൗരന്മാരെയും പ്രത്യേകിച്ച് സ്ത്രീകളെയും സഹായിക്കുകയും ചെയ്യുന്നതിൽ ജുബൈൽ നഗരം പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് യുനെസ്കോ പറഞ്ഞു.
യുനെസ്കോ റീജിയണൽ സെന്റർ ഫോർ ക്വാളിറ്റി ആന്റ് എക്സലൻസ്, നാഷണൽ കമ്മിറ്റി ഫോർ എഡ്യൂക്കേഷൻ, കൾച്ചർ ആന്റ് സയൻസ് തുടങ്ങിയ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സംയോജിപ്പിച്ച് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയെ സഊദിയിലെ ആദ്യത്തെ പഠന നഗരമാക്കി മാറ്റുന്നുതിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. അടിസ്ഥാന വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ സഊദി സമൂഹത്തിൽ ആജീവനാന്ത പഠന സംസ്കാരം വ്യാപിപ്പിക്കുക, തൊഴിൽ അന്തരീക്ഷത്തിൽ പഠന പ്രക്രിയ സുഗമമാക്കുക, ആധുനിക സാങ്കേതികവിദ്യകൾ വിപുലമായ തോതിൽ ഉപയോഗിക്കുക എന്നിവക്കും പഠന മേഖലയിലെ ഗുണനിലവാരവും മികവും വർധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്