15 ശതമാനം വാറ്റ് കുറക്കുന്നതിനെ കുറിച്ച് തത്കാലം ആലോചനയില്ലെന്ന് സഊദി ധന മന്ത്രി

0
4614

റിയാദ്: മൂല്യവർധിത നികുതി ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും പൊതു ധനകാര്യ സ്ഥിതി വീണ്ടെടുക്കുന്നതുവരെ ഇത് പരിഗണിക്കില്ലെന്നും സഊദി ധനകാര്യ മന്ത്രി.
കൊവിഡ് കാലഘട്ടത്തിൽ ലോക രാജ്യങ്ങളെപ്പോലെ തന്നെ സഊദിയും അനുഭവിച്ച വലിയ സാമ്പത്തിക ആഘാതത്തെ നേരിടുക എന്നതാണ് നികുതി വർദ്ധനയുടെ ലക്ഷ്യമെന്ന് “അശ്ശർഖ്” ചാനലിൽ സഊദി ധനകാര്യ മന്ത്രി അൽ-ജദ്ആൻ വിശദീകരിച്ചു.

പതിനഞ്ചു ശതമാനം മൂല്യവർധിത നികുതി ഏർപ്പെടുത്താനുള്ള തീരുമാനം താൽക്കാലിക തീരുമാനമാണെന്നും കടുത്ത തീരുമാനങ്ങൾ ഒഴിവാക്കാനാണ് ഇത്‌ കൊണ്ട് വന്നതെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൊറോണ മഹാമാരി മൂലം ലോകവും രാജ്യവും മുഴുവൻ അനുഭവിച്ച വലിയ ആഘാതത്തെ നേരിടുക എന്നതാണ് മൂല്യവർധിത നികുതി വർദ്ധനയുടെ ലക്ഷ്യം എന്നത് കിരീടാവകാശിയുടെ വാക്കുകൾ വ്യക്തമാക്കിയിരുന്നു.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥയും പൊതു ധനകാര്യവും വീണ്ടെടുക്കുമ്പോൾ, മൂല്യവർദ്ധിത നികുതി പരിഗണിക്കും, എന്നാൽ നിലവിൽ ഒരു ഭേദഗതിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പരമാവധി 5 വർഷം വരെ പതിനഞ്ചു ശതമാനം വാറ്റ് നില നിർത്തുമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ തന്നെ സൂചന നൽകിയിരുന്നത്. 2020 ജൂലായ്‌ 1 മുതലാണ് സഊദിയിൽ അഞ്ചു ശതമാനം വാറ്റ് 15 ശതമാനമായി ഉയർത്തിയത്.