റിയാദ്: വിവാഹ പാർട്ടിയിലെ ആഘോഷങ്ങളിൽ തോക്കേന്തിയും വെടിയുതിർത്തും ആഘോഷം പൊടി പൊടിച്ചതിന് തൊട്ടു പിന്നാലെയായി വരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷഖ്റ ഗവർണറേറ്റിലാണ് അധികൃതർ വരനെ അറസ്റ്റ് ചെയ്തത്. വിവാഹ ചടങ്ങുകളിലെ ഷൂട്ടിംഗിന്റെ വീഡിയോകൾ പുറത്ത് വന്നതിനു പിന്നാലെയാണ് നടപടികൾ.
വിവാഹ പാർട്ടിയിൽ പങ്കെടുത്തവരിൽ ചിലർ ചടങ്ങിനിടെ വെടിയുതിർക്കുകയും ചടങ്ങിനുള്ളിൽ ആയുധങ്ങൾ കൈവശം വയ്ക്കുകയും ചെയ്തതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സുരക്ഷാ അധികാരികൾ വിവാഹ ചടങ്ങുകൾക്ക് ശേഷം വരനെ വിളിച്ചുവരുത്തി സംഭവങ്ങളെക്കുറിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിയമ ലംഘകർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി ആഘോഷവേളയിലും വിവാഹ ഘോഷയാത്രയിലും വീട്ടിയുതിർത്തവരുടെയും ആയുധങ്ങൾ വഹിച്ചവരുടെയും പേരുകൾ നൽകണമെന്ന് സുരക്ഷാ അധികാരികൾ വരനോട് ആവശ്യപ്പെട്ടു.
