റിയാദ്: സഊദി പ്രവാസികൾക്ക് ആശ്വാസമായി ത്രൈമാസ മാസക്കാലത്തേക്ക് ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾ പേയ്‌മെന്റ് സംവിധാനം സജ്ജീകരിച്ചു തുടങ്ങി. വർക്ക് പെർമിറ്റുകളുമായി ബന്ധിപ്പിച്ചിട്ടുള്ള റസിഡൻസി പെർമിറ്റുകൾ (ഇഖാമകൾ) നൽകുന്നതിനും പുതുക്കുന്നതിനുമായി കുറഞ്ഞത് മൂന്ന് മാസത്തേക്ക് എന്ന തോതിൽ പെയ്മെന്റ് സംവിധാനമാണ് അപ്‌ഡേറ്റ് ചെയ്ത് തുടങ്ങിയത്.
അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത സർക്കാർ പേയ്‌മെന്റ് സിസ്റ്റം അനുസരിച്ച്, ഇഖാമ ഫീസ് പേയ്‌മെന്റുകൾ ത്രൈമാസത്തിലോ അർദ്ധവാർഷികത്തിലോ നടത്താമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‌ഷിർ ബിസിനസ്, മുഖീം, ഖിവ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ആവശ്യമായ കാലയളവിലേക്ക് ഇഖാമകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കും.
ഗവൺമെന്റ് പേയ്‌മെന്റ് സമ്പ്രദായത്തിലെ സമീപകാല ഭേദഗതികൾ അനുസരിച്ച്, കുറഞ്ഞത് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒമ്പത് മാസത്തേക്കോ അല്ലെങ്കിൽ ഒരു വർഷത്തേക്കോ തൊഴിലുടമ വർക്ക് പെർമിറ്റിന് ഫീസ് അടയ്ക്കുന്നത് ബാങ്കുകൾ സ്വീകരിക്കും.
പക്ഷെ, ഇഖാമകളിൽ വർക്ക് പെർമിറ്റ് ഉൾപ്പെടാത്തതിനാൽ, ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും ത്രൈമാസ അടിസ്ഥാനത്തിൽ സാധ്യമല്ല. ഇഖാമയുടെ വിതരണവും പുതുക്കലും വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത്തിനാലാണിത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ലെവി ഫീസ് തൊഴിലുടമകളാണ് നൽകേണ്ടത്. നിലവിൽ പ്രതിമാസം 800 റിയാൽ എന്ന തോതിൽ ഒരു വർഷത്തിൽ 9,600 റിയാലാണ് അടക്കേണ്ടത്. ആശ്രിതരുള്ള പ്രവാസികൾ ഓരോ ആശ്രിതർക്കും പ്രതിമാസം 400 റിയാൽ വീതം നൽകണം.
മുഴുവൻ സമയ സഊദി തൊഴിലുടമ ഉൾപ്പെടെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സംരംഭങ്ങളെ രണ്ട് തൊഴിലാളികൾക്ക് ലെവി ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഴുവൻ സമയ തൊഴിലുടമയെ കൂടാതെ ഒരു സഊദി പൗരൻ കൂടി തൊഴിലാളികളിൽ ഉൾപ്പെട്ടാൽ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികളുടെ എണ്ണം നാലായി ഉയർത്തും.
ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള റസിഡൻസി പെർമിറ്റുകൾ (ഇഖാമ) നൽകുന്നതിനും പുതുക്കുന്നതിനും ഈ വർഷം ജനുവരി 26 ന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എങ്കിലും, ഈ നീക്കത്തിൽ വീട്ടുജോലിക്കാരെയും സമാന തൊഴിലുകളിൽ ജോലി ചെയ്യുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനം ബിസിനസ് മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ ആശ്വാസവും പിന്തുണയുമാണെന്നാണ് വിലയിരുത്തൽ.
നിലവിലുള്ള വാർഷിക പേയ്‌മെന്റ് സമ്പ്രദായത്തിന് പകരം വർക്ക് പെർമിറ്റിന് പ്രവാസി ഫീസ് ത്രൈമാസ അടിസ്ഥാനത്തിൽ അടയ്‌ക്കാൻ അനുവദിക്കുന്നതിനുള്ള പദ്ധതി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇഷ്യൂ ചെയ്തതും പുതുക്കിയതുമായ പെർമിറ്റുകളുടെ കാലാവധിയെ അടിസ്ഥാനമാക്കി തൊഴിൽ, റസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനുള്ള ഫീസ് (ലെവിഫീസും ആശ്രിത ഫീസും) വിഭജിച്ച് അടയ്ക്കാം. ലെവി ഫീസും ഇഖാമ പുതുക്കൽ ഫീസും നിലവിലെ തൊഴിലുടമയാണ് അടയ്‌ക്കേണ്ടത്.




