റിയാദ്: സഊദിക്ക് പുറത്ത് നിന്ന് വാക്‌സിനേഷൻ എടുക്കാത്ത തൊഴിലാളികളെ താമസിപ്പിക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നത് ആരംഭിച്ചതായി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ലൊക്കേഷൻ, കെട്ടിടം, ഡിസൈൻ, ടോയ്‌ലറ്റുകൾ, ലൈറ്റിംഗ്, വെന്റിലേഷൻ, സെൻട്രൽ കിച്ചൺ, സ്റ്റാഫ്, തൊഴിലാളികൾ, സൗകര്യങ്ങളും സേവനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ലൈസൻസ് നൽകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ പാർപ്പിട സൗകര്യങ്ങളുടെയും ശുചിത്വവും പരിപാലനവും, അണുവിമുക്തമാക്കുന്നതിന് ഒരു കീട നിയന്ത്രണ കമ്പനിയുമായി കരാർ ഉണ്ടാക്കുക, പാർപ്പിട യൂണിറ്റുകളും അവയുടെ സൗകര്യങ്ങളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഒരു ക്ലീനിംഗ് കമ്പനിയുമായി കരാർ ഉണ്ടാക്കുന്നതും നിബന്ധനകളിൽ ഉൾപ്പെടും. കൂടാതെ, സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണം. കാമറകള്‍, ക്വു ആര്‍ കോഡ് വഴി കെട്ടിടത്തില്‍ റൂം ബൂക്ക് ചെയ്യുന്നതിനും അത് വിമാനകമ്പനികള്‍ക്ക് പരിശോധിക്കുന്നതിനും വെബ്‌സൈറ്റുകള്‍, വിമാനത്താവളങ്ങളില്‍ സ്വീകരിച്ച് അവരെ റൂമിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ, കൊവിഡ് ടെസ്റ്റിനുള്ള ലാബുകളുമായി കരാര്‍ എന്നിവയാണ് മറ്റു നിബന്ധനകൾ എന്നും മന്ത്രാലയം വ്യക്തമാക്കി.
ഓരോ യാത്രക്കാർക്കും രണ്ട് കൊറോണ പരിശോധനകൾ നടത്തുന്നതിനായിരിക്കണം അംഗീകൃത മെഡിക്കൽ ലബോറട്ടറികളുമായി കരാർ, യാത്രക്കാർ തവക്കൽന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
റിയാദ്, ജിദ്ദ, ദമാം, ദഹ്‌റാൻ എന്നിവിടങ്ങളിൽ അപേക്ഷിച്ച സ്ഥാപനങ്ങളിൽ 25 കേന്ദ്രങ്ങൾ 3,276 ആളുകൾക്ക് ശേഷിയുള്ളതും 10 കെട്ടിടങ്ങൾ 1,669 പേർക്ക് ക്വാറന്റൈനിൽ കഴിയാൻ ശേഷിയുമുള്ളതാണ്. മുൻകരുതലുകളും പ്രതിരോധ നടപടികളും എല്ലാവരും പാലിക്കണമെന്നും ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം ആവശ്യപ്പെട്ടു.