അടിയന്തിര യാത്രക്കാർ ഉൾപ്പെടെ നാട്ടിലേക്കുള്ള മുഴുവൻ യാത്രക്കാരും പിസിആർ ടെസ്റ്റ് നടത്തണം, പരിഷ്കരിച്ച കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യം

0
2473

ദമാം: മൂന്നു ദിവസം മുമ്പു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കുള്ള പരിഷ്കരിച്ച മാർഗ്ഗ നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉയരുന്നു. വിദേശത്തു നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ. അടിയന്തിര യാത്രക്കാർക്ക് നൽകിയ പി സി ആർ ഇളവുകളും എടുത്തു കളഞ്ഞിട്ടുണ്ട്. ഇതോടെ അടിയന്തിര യാത്രക്കാർ ഉൾപ്പെടെ മുഴുവൻ പ്രവാസി യാത്രക്കാരും പി സി ആർ ടെസ്റ്റ് നടത്തണം.

കൈക്കുഞ്ഞുങ്ങൾക്കുൾപ്പെടെ യാത്ക്കാർ മുഴുവൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട്  എയർ സുവിദ പോർട്ടലിൽ യാത്രയ്ക്ക് മുൻപേ അപ്‌ലോഡ് ചെയ്യണമെന്നും, സെൽഫ് ഡിക്ലറേഷൻ ഫോമും, കൊവിഡ്  ടെസ്റ്റ് റിസൾട്ടും പ്രിന്റ് ഔട്ട് എടുത്ത് എയർപോർട്ടിൽ നൽകണമെന്നും പുതിയ യാത്രാ നയത്തിൽ പറയുന്നുണ്ട്. നേരത്തെ, എമർജൻസി യാത്രക്കാർക്കു നൽകിയിരുന്ന ഇളവ് ഇനി മുതൽ അനുവദിക്കുന്നതല്ല എന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ, മരണം, ചികിത്സ തുടങ്ങി അടിയന്തിര യാത്രക്കാർക്കോ വിദേശങ്ങളിൽ നിന്നും ജയിൽ മോചിതരാകുന്നവർക്കോ, നാട് കടത്തപ്പെടുന്നവർക്കോ പോലും ഇനി മുതൽ ഇളവ് ഉണ്ടാകുകയില്ല. കൊറോണയും, വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വൽക്കരണവും കാരണം ജോലി നഷ്ടമായും, ഒട്ടേറെ സാമ്പത്തിക ബാധ്യത നേരിട്ടും നാട്ടിലേയ്ക്ക് മടങ്ങുന്ന  പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഈ മാർഗ്ഗനിർദ്ദേശങ്ങൾ.

ഇതോടെ അത്യാവശ്യത്തിനു നാട്ടിലേയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ പോലും പി.സി.ആര്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നതാണ് അവസ്ഥ. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലും ഷാര്‍ജ വിമാനത്താവളത്തിലും മൂന്നുമണിക്കൂറിനകം പി.സി.ആര്‍ പരിശോധനാഫലം കിട്ടുമെന്നതിനാല്‍ യു.എ.ഇയിലെ പ്രവാസികള്‍ക്ക് അടിയന്തരമായി നാട്ടിലേക്ക് പോകുന്നതിനു തടസമുണ്ടാകില്ല.

എന്നാല്‍, സഊദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ പി.സി.ആര്‍ പരിശോധനാഫലം വരുന്നതുവരെ, അതായത് 12 മണിക്കൂര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചുതുടങ്ങിയ ഗള്‍ഫിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എത്രയും വേഗം പിന്‍വലിക്കണമെന്നാണ് പ്രവാസലോകം ആവശ്യപ്പെടുന്നത്.

പ്രവാസികളെ ദ്രോഹിയ്ക്കുന്നവയാണ് പുതിയ നിർദേശങ്ങളെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു. തിരികെ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളെ ദ്രോഹിയ്ക്കുന്ന മാർഗ്ഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും നവയുഗം ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധ തുടങ്ങി ഇന്നുവരെ പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ, പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങളാണ് എപ്പോഴും സ്വീകരിച്ചു വരുന്നത്. പ്രവാസികൾക്ക് ദ്രോഹകരമായ ഇത്തരം നിബന്ധനകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, അതിനായി എല്ലാ പ്രവാസി സംഘടനകളും, കൂട്ടായ്മകളും ഒറ്റക്കെട്ടായി ഉച്ചത്തിൽ ശബ്ദമുയർത്തണമെന്നുo നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണികുട്ടനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു..