ഭൂമിയെ ഹരിതാപമാക്കാൻ സഊദി അറേബ്യ, ഹരിത ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായി

0
1880

റിയാദ്: ആഗോള താപനം ചെറുക്കാനും പശ്ചിമേഷ്യയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുമുളള പ്രഖ്യാപനത്തോടെ പശ്ചിമേഷ്യാ ഹരിത ഉച്ചകോടിക്ക് തുടക്കമായി. റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 10 ശതമാനത്തോളം കുറക്കാന്‍ ഐക്യസമിതി രൂപീകരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ വനവത്കരണത്തിന്റെ അഞ്ചു ശതമാനം പശ്ചിമേഷ്യ സംഭാവന ചെയ്യും. ജിസിസി രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കാളികളായി. സർക്കിൾ കാർബൺ സമ്പദ്‌വ്യവസ്ഥ എന്ന ആശയം നടപ്പാക്കാനായി സഹകരണ പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.

ഉച്ചകോടിക്കെത്തിയ രാഷ്ട്ര നേതാക്കൾ കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനൊപ്പം

കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറക്കുക, ആഗോള താപനത്തെ പ്രതിരോധിക്കുക, പശ്ചിമേഷ്യയില്‍ ഹരിതപദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാര്‍ സഊദിയില്‍ സംഗമിച്ചത്. റിയാദില്‍ നടന്ന ഉച്ചകോടിയില്‍ യുഎസ്, യുഎന്‍ പ്രതിനിധികളും പങ്കെടുത്തു.

പരിസ്ഥിതിയെ സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനും മേഖലയിലെ കാർബൺ വ്യാപനം കുറക്കാനും ഒരു റോഡ് മാപ്പ് സജ്ജീകരിക്കാനുമാണ് ഇങ്ങനെയൊരു ഉച്ചകോടി വിളിച്ചുകൂട്ടിയതെന്ന് കിരീടാവകാശി പറഞ്ഞു.

39 ബില്യൺ റിയാൽ നിക്ഷേപത്തിൽ മേഖലയിലെ കാർബൺ സർക്കുലർ ഇക്കോണമി ടെക്നോളജികൾക്കുള്ള ഒരു നിക്ഷേപ ഫണ്ട്, ലോകത്തിലെ 750 ദശലക്ഷത്തിലധികം ആളുകൾക്ക് ശുദ്ധമായ ഇന്ധന പരിഹാരങ്ങൾ നൽകാൻ സഹായിക്കുന്ന ആഗോള സംരംഭങ്ങൾ എന്നിവക്ക് രൂപം നൽകും. ഇതിൽ 15 ശതമാനം സഊദിയായിരിക്കും സംഭാവന ചെയ്യുക. കൂടാതെ, സംരംഭങ്ങൾക്ക് ധനസഹായം നൽകാനും നടപ്പാക്കാനുമുള്ള മാർഗങ്ങൾ ചർച്ചചെയ്യുന്നതിന് വിവിധ രാജ്യങ്ങളുമായും പ്രാദേശിക, അന്തർദേശീയ വികസന ഫണ്ടുകളുമായും പ്രവർത്തിക്കും. ഭാവിയിൽ ഉച്ചകോടിയുടെ പ്രവർത്തനങ്ങളെ പിന്തുണക്കാനായി ഗ്രീൻ ഇനിഷ്യേറ്റിവ് ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിക്കും.

കൂടാതെ, പ്രഖ്യാപനത്തിന്റെ ഭാഗമായി 50 ബില്യണ്‍ മരങ്ങള്‍ പശ്ചിമേഷ്യയില്‍ നട്ടു പിടിപ്പിക്കും. ആഗോള തലത്തില്‍ നടക്കുന്ന വനവത്കരണ പദ്ധതിയുടെ അഞ്ച് ശതമാനം വരും ഇത്. ക്ലൗഡ് സീഡിങിന് പ്രാദേശിക കേന്ദ്രം, ഫിഷറീസ് സമ്പത്ത് സുസ്ഥിര വികസന കേന്ദ്രം, കൊടുങ്കാറ്റുകള്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിന് പ്രാദേശിക കേന്ദ്രം എന്നിവയും സ്ഥാപിക്കും. ജിസിസി, ഗള്‍ഫ് രാജ്യഹ്ങളുടെ സഹകരണത്തോടെ ഇതിനായി പ്രത്യേക ഐക്യസംഘം രൂപീകരിക്കും.