ജിദ്ദ: ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണത്തിൻ്റെ ഭാഗമായി റേസ് അറേബ്യ സംഘടിപ്പിച്ച ‘റൺ ദ സ്റ്റെയേഴ്സ് ‘ വെർട്ടിക്കൽ റേസിൽ കിംഗ്ഡം ടവറിനു മുകളിലേക്ക് ഓടിക്കയറി ഇന്ത്യക്കാരിൽ മലയാളി ഒന്നാമതെത്തി. നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ദീൻ മാഞ്ചേരിയാണ് തിളക്കമാർന്ന മുന്നേറ്റം നടത്തിയത്.
16 മിനുട്ടും 50 സെക്കൻ്റുമാണ് റിയാദ് കിംഗ്ഡം ടവറിൻ്റെ 99 ആം നിലയിലെത്താൻ സൈഫുദ്ദീൻ എടുത്ത സമയം. വിവിധ രാജ്യക്കാരായ 302 പേർ പങ്കെടുത്ത വെർട്ടിക്കൽ റേസിൽ ഇന്ത്യക്കാരിൽ ഒന്നാമതെത്തി അദ്ദേഹം. 14 പേരാണ് ഇന്ത്യയിൽ നിന്ന് മൽസരത്തിൽ പങ്കെടുത്തത്.
ശനിയാഴ്ച രാവിലെ കിംഗ്ഡം ടവറിൽ നടന്ന മൽസരത്തിൽ നായിഫ് ബിൻ ഹുബയ്ശ് എന്ന സഊദി പൗരനാണ് ഏറ്റവും ആദ്യം ടവറിനു മുകളിലെത്തിയത്. 11 മിനുട്ടും 54 സെക്കൻ്റുമാണ് അദ്ദേഹമെടുത്ത സമയം. ആകെ പങ്കെടുത്ത 302 പേരിൽ 24 ആം സ്ഥാനമാണ് മലയാളിയായ സൈഫുദ്ദീന് ലഭിച്ചത്.
റിയാദിൽ അൽജരീർ ബുക്സ്റ്റോർ എച്ച് ആർ മാനേജരായി ജോലി നോക്കുന്ന സൈഫുദ്ദീൻ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) സെക്രട്ടറി കൂടിയാണ്.