ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി ഗൾഫിലെ ഇന്ത്യൻ എംബസികൾ

0
1864

റിയാദ്: ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി ഗൾഫിലെ ഇന്ത്യൻ എംബസികൾ. വാക്സിൻ വിതരണ രംഗത്ത് ഇന്ത്യൻ നേട്ടം കൈവരിച്ചതായും അത് വ്യക്തമാക്കി തന്നെ വിമാന വിലക്ക് ഒഴിവാക്കാൻ ഉതകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും വ്യക്തമാക്കുന്ന തരത്തിലാണ് എംബസികൾ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയത്. ഇപ്പോൾ വിമാന വിലക്ക് നില നിൽക്കുന്ന സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് അറബിയിൽ ടാഗ് ചെയ്താണ് എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

“ഒരു ബില്യൺ ശക്തം’, കൊവിഡ് -19 നെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യ ഒരു ബില്യൺ ഡോസ് വാക്സിനേഷൻ നൽകുന്നതിനാൽ ചരിത്ര നേട്ടം കൈവരിച്ചു” വെന്നാണ് റിയാദിലെ ഇന്ത്യൻ എംബസി സഊദി ആരോഗ്യ മന്ത്രാലയത്തെ ടാഗ് ചെയ്ത ട്വീറ്റിൽ വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് കാര്യത്തിൽ സഊദി ആരോഗ്യ മന്ത്രാലയത്തെ പുനഃപരിശോധനക്ക് വിധേയമാക്കാൻ ഇത് സാഹചര്യം ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.

‘ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം’ എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചാണ് കുവൈത്തിലെ ഇന്ത്യൻ എംബസി ഇത് ആഘോഷിച്ചത്. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കൊവിഡ് വാക്സിൻ എത്തിച്ചതായും ഉദ്ഘാടനം ചെയ്ത അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു.

കുവൈത്ത് ഉൾപ്പെടെ 90 ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കൊവിഡ് വാക്സിൻ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് വാക്സിനേഷൻ രംഗത്ത് ഇന്ത്യ കൈവരിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് പറഞ്ഞു.