സഊദിയിലെ എണ്ണ ശേഖരം 267.1 ബില്യൺ ബാരൽ, ആകെയുള്ളതിൽ പതിനേഴ് ശതമാനവും സഊദിയിൽ

0
1741

 

റിയാദ്: ലോകത്ത് ആകെയുള്ളഎണ്ണ ശേഖരത്തിന്റെ 17.2 ശതമാനവും സഊദിയിലാണെന്ന് കണക്കുകൾ. സഊദി ഊർജ മന്ത്രാലയത്തിന്റെയും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെയും റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ലോകത്ത് ആകെയുള്ള എണ്ണ ശേഖരം 1.55 ട്രില്യൺ ബാരലാണ്. ഇതിൽ 267.1 ബില്യൺ ബാരൽ എന്ന ശേഖരവും സഊദിയിലാണുള്ളത്ത്. ലോകത്ത് ഏറ്റവുമധികം എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ 303.6 ബില്യൺ ബാരൽ ആണെന്നാണ് കണക്കുകൾ. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 19.6 ശതമാമാണിത്.

ലോകത്ത് സ്ഥിരീകരിക്കപ്പെട്ട എണ്ണ ശേഖരം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യം ഇറാനാണ്. ഇറാനിൽ 208.6 ബില്യൺ ബാരലിന്റെ എണ്ണ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 13.5 ശതമാനം ഇറാനിലാണ്. നാലാം സ്ഥാനത്തുള്ള ഇറാഖിൽ 145 ബില്യൺ ബാരലിന്റെ എണ്ണ ശേഖരമാണുള്ളത്. യു.എ.ഇയിൽ 107 ബില്യൺ ബാരലിന്റെയും കുവൈത്തിൽ 101.5 ബില്യൺ ബാരലിന്റെയും റഷ്യയിൽ 80 ബില്യൺ ബാരലിന്റെയും ലിബിയയിൽ 48.4 ബില്യൺ ബാരലിന്റെയും എണ്ണ ശേഖരമുണ്ട്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 9.4 ശതമാനം ഇറാഖിലും 6.9 ശതമാനം യു.എ.ഇയിലും 6.6 ശതമാനം കുവൈത്തിലും 5.2 ശതമാനം റഷ്യയിലും 3.1 ശതമാനം ലിബിയയിലുമാണ്.

മിഡിൽ ഈസ്റ്റിൽ ആകെ 860 ബില്യൺ ബാരലിന്റെ എണ്ണ ശേഖരമാണുള്ളത്. ഒപെക് രാജ്യങ്ങളിൽ ആകെ 1.24 ട്രില്യൺ ബാരൽ എണ്ണ ശേഖരമാണുള്ളത്. കഴിഞ്ഞ വർഷം ലോകത്തെ ആകെ എണ്ണ ശേഖരം 2.63 ബില്യൺ ബാരൽ തോതിൽ വർധിച്ചപ്പോൾ സഊദിയിൽ 0.003 ശതമാനം തോതിൽ വർദ്ധനവ് രേഖപ്പെടുത്തി. എണ്ണ ശേഖരത്തിൽ 90 ലക്ഷം ബാരലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.മധ്യപൗരസ്ത്യ ദേശത്ത് ആകെയുള്ള എണ്ണ ശേഖരത്തിന്റെ 31.1 ശതമാനവും ഒപെക് രാജ്യങ്ങളിലെ ആകെ എണ്ണ ശേഖരത്തിന്റെ 21.6 ശതമാനവും സഊദിയിലാണ്.

എണ്ണ ശേഖരത്തിൽ ഒമ്പതാം സ്ഥാനത്തുള്ള അമേരിക്കയിൽ 44.5 ബില്യൺ ബാരൽ ശേഖരം ഉണ്ടെന്നാണ് കണക്കുകൾ. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 2.9 ശതമാനമാണിത്. പത്താം സ്ഥാനത്തുള്ള നൈജീരിയയിൽ 36.9 ബില്യൺ ബാരൽ എണ്ണ ശേഖരമാണുള്ളത്. ലോകത്തെ ആകെ എണ്ണ ശേഖരത്തിന്റെ 2.4 ശതമാനം നൈജീരിയയിലാണ്. പരമ്പരാഗത എണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ കണക്കുകളാണിത്. എന്നാൽ, ഏറ്റവും കൂടുതൽ ഷെയിൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡയാണ് മുന്നിൽ.