സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ

0
5419

റിയാദ്: സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമാകില്ലെന്ന് ഇസ്‌ലാമിക് അഫയേഴ്സ്, എൻഡോവ്മെൻറ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം. കൊറോണ വൈറസിനെ നേരിടാനുള്ള പള്ളികൾക്കുള്ളിലെ സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ അടക്കമുള്ള മുൻകരുതൽ നടപടികൾ മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി.

ജസാൻ മേഖലയിലെ ഇസ്‌ലാമിക് അഫയേഴ്സ് ബ്രാഞ്ചിന്റെ വക്താവ് മുഹമ്മദ് കരിരിയാണ് ഇക്കാര്യം വിശദീകരിച്ചത്. പള്ളികൾ അടച്ചിട്ട സ്ഥലവും ആയതിനാൽ ഇപ്പോഴത്തെ തീരുമാനത്തിൽ ഇടം പിടിക്കില്ല. കൂടാതെ, വിവിധ പ്രായത്തിലെയും വ്യത്യസ്ത ഗ്രൂപ്പുകളിലെയും ആളുകൾ എത്തുന്നുവെന്നതും മുൻകരുതൽ നടപടികൾ ലഘൂകരിക്കുന്നത് ബുദ്ധിമുട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകളിൽ തുറസായ സ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ, അടഞ്ഞ കേന്ദ്രങ്ങളിലും പ്രത്യേകം രേഖപ്പെടുത്തിയ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടാതെ, പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഇനി പാലിക്കേണ്ടതില്ല. ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ അനിയന്ത്രിതമായി ആളുകൾക്ക് പങ്കെടുക്കാം. അതേസമയം, എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും.

സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്