കൈറോ: ആർക്കും അവിശ്വസനീയമായി തോന്നാവുന്ന വാർത്തയാണ് ഇന്ന് ഈജിപ്തിൽ നിന്ന് പുറത്ത് വന്നത്. ആറ് മാസം മുമ്പ് വിഴുങ്ങിയ മൊബൈൽ ഫോൺ മെഡിക്കൽ സംഘം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈജിപ്തിലെ അസ്വാൻ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒരു മെഡിക്കൽ സംഘമാണ് കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ നിന്ന് ഒരു മൊബൈൽ ഫോൺ പുറത്തെടുത്തത്.

യൂണിവേഴ്സിറ്റിയുടെ കോളേജ് ഓഫ് മെഡിസിൻ ഡീൻ ഡോക്ടർ മുഹമ്മദ് അൽ ദഹ്ശൂരി രോഗിയുടെ ജീവൻ രക്ഷിക്കാൻ ഉടൻ ഓപ്പറേറ്റിംഗ് റൂമിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. പരിശോധനയിൽ വയറിനുള്ളിൽ അസാധാരണമായ സാധനം കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് ലോകത്തെ ആദ്യ സംഭവമായി ആറ് മാസം വയറ്റിൽ കിടന്ന ശേഷം മൊബൈൽ പുറത്തെടുത്തത്.

ഇതിന്റെ ചിത്രങ്ങളും ആശുപത്രി അധികൃതർ പുറത്ത് വിട്ടു. ആറ് മാസം മുമ്പ് താൻ ഫോൺ വിഴുങ്ങിയെന്ന് രോഗി വെളിപ്പെടുത്തുകയായിരുന്നു. ഏറെകാലം ഫോൺ വയറിനുള്ളിൽ തന്നെ കിടന്നതിനാൽ ഇത് കടുത്ത വയറുവേദന അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെത്തിയത് . എന്നാൽ, ഏത് സാഹചര്യത്തിലാണ് ഫോൺ വിഴുങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.




