റിയാദ്: സഊദി ചെസ് ഫെഡറേഷൻ സംഘടിപ്പിച്ച വനിതകൾക്കായുള്ള ഹായിൽ ചെസ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി മലയാളി വിദ്യാർഥിനി നന്ദന മൂക്കേത്ത് മികച്ച നേട്ടം കരസ്ഥമാക്കി. തുറൈഫിൽ സീനിയർ പ്ലാനിംഗ് എൻജിനീയറായി ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ പന്താവൂരാണ് സ്വദേശി ശ്രീജിത്ത് പറയരിക്കിലിന്റെ മൂത്ത മകളാണ് പത്തു വയസ്സുകാരി നന്ദന.
പൊന്നാനി ഭാരതീയ വിദ്യാഭവൻ വികാസ് വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന നന്ദന അമ്മ സുജയോടൊപ്പം സന്ദർശക വിസയിൽ എത്തിയതായിരുന്നു. അനുജൻ പ്രണവ് എൽ.കെ.ജി വിദ്യാർഥിയാണ്.
അണ്ടർ 13 കേരള ചാമ്പ്യനായ മകൾക്ക് മത്സരത്തിനുള്ള പുതിയ അവസരങ്ങൾ അന്വേഷിച്ചപ്പോഴാണ് ഹായിൽ ചെസ് ചാമ്പ്യൻഷിപ്പ് ശ്രദ്ധയിൽപെട്ടതെന്നും രജിസ്‌ട്രേഷൻ അവസാനഘട്ടത്തിലെത്തിയിട്ടും സഊദി ചെസ് ഫെഡറേഷൻ വനിതാ എക്‌സിക്യൂട്ടീവ് വഅദ് അലവി അൽഅത്താസ് പ്രത്യേകം താൽപര്യം കാണിച്ചതിനാലാണ് പങ്കെടുക്കാനായതെന്നും ശ്രീജിത്ത് പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി ആയിരുന്നു നന്ദന.
തുറൈഫിൽനിന്ന് 800 കി.മീ യാത്ര ചെയ്താണ് ഹായിലിൽ എത്തി 12,13 തീയതികളിൽ നടന്ന മത്സരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരിയാണ് നന്ദന.




