ജിദ്ദ: പ്രവാസികളും മലയാളികളും അന്വേഷിച്ചു കൊണ്ടിരുന്ന ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. ഇതോടെ 12 വർഷമായി ദുരിതക്കയത്തിൽ തങ്ങളുടെ പിതാവിനെ കാണാനായി കണ്ണും നട്ടിരിക്കുന്ന മക്കൾക്കും ഭാര്യ മുഅ്മിനക്കും ഇവരെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷ നാമ്പിട്ടു. മജീദിന്റെ സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുമായി സംസാരിക്കുകയും തുടർ നടപടികളുമായി മുന്നോട്ട് പോകുകയുമാണെന്നു സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി.
സാമൂഹ്യ പ്രവർത്തകരോട് നേരിട്ട് സംസാരിക്കാൻ അബ്ദുൽ മജീദ് ഇത് വരെ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ ഇദ്ദേഹത്തിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് മലയാളികൾ. ഇതിനിടെ സാമൂഹ്യ പ്രവർത്തകൻ അബു അൻഫാൽ പാപ്പിനിശ്ശേരി ജിദ്ദയിലെ മക്കളോട് വീഡിയോ കോളിൽ സംസാരിച്ചിരുന്നു. സംസാരത്തിനിടക്ക് ഇവർക്ക് പിതാവിനെ തിരിച്ചു കിട്ടണമെന്ന കണ്ണീരൊലിപ്പിച്ചുള്ള ആവശ്യം ഏതൊരാളുടെയും ഹൃദയം വേദനിപ്പിക്കുന്നതാണെന്നു അബു അൻഫാൽ പാപ്പിനിശ്ശേരി മലയാളം പ്രസ്സിനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു. തങ്ങളുടെ പിതാവിനെ ഉടൻ തന്നെ നേരിട്ട് കാണണമെന്നാണ് മക്കളുടെ ആവശ്യം. അദ്ദേഹവുമായി ഇവർക്ക് വീഡിയോ കോളിൽ സംസാരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. പിതാവിന് നൽകാനായി മക്കൾ ഹൃദയത്തിൽ ചാലിച്ച സങ്കടക്കഥകൾ നിരത്തിയ ഒരു വീഡിയോയും നൽകിയിട്ടുണ്ട്. അവരുടെ മുഴുവൻ ദുഃഖങ്ങളും പരന്നൊഴുകുന്ന വീഡിയോ അബുൽ മജീദ് ഇത് വരെ കണ്ടിട്ടില്ല. കാണുന്നതോടെ അദ്ദേഹം മക്കളെ ചേർത്ത് നിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം, യാതൊരു വിധ രേഖകളും ഇല്ലാത്ത ഇവർക്ക് ഇന്ത്യയിലേക്ക് എത്തണമെങ്കിൽ പൂജ്യത്തിൽ നിന്ന് തുടങ്ങുന്ന നൂറു കൂട്ടം കടമ്പകൾ കടക്കേണ്ടതുണ്ട്. ഇത് ഏത് രീതിയിൽ സംഘടിപ്പിക്കാമെന്ന ആലോചനയിലാണ് സാമൂഹ്യ പ്രവർത്തകർ. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സർക്കാർ തല സംവിധാനങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവർ. ഈ കടുംബത്തിന്റെ നിലവിലെ ആകെയുള്ള തെളിവ് ഉമ്മ മുഅ്മിനയുടെ സോമാലിയൻ പൗരത്വവും പിതാവ് മജീദിന്റെ ഇന്ത്യൻ പൗരത്വം മാത്രമാണ്.
രണ്ട് രാജ്യങ്ങൾ ആയതിനാൽ നിയമത്തിന്റെ നൂലാമാലകൾ ഇവർക്ക് ചുറ്റും ചുറ്റിവളഞ്ഞിട്ടുണ്ട്. ഇതെല്ലാം തരണം ചെയ്യാമെന്ന വിശ്വാസത്തിലാണ് ഈ കുടുംബവും സാമൂഹ്യ പ്രവർത്തകരും. ഇതിനായി എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ഈ കുടുംബത്തെ സഹായിക്കാനായി അബൂ അൻഫാലിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനമായി കെഎംസിസി