സഊദിയിൽ മെഡിക്കൽ മേഖലകളിൽ കൂടുതൽ സഊദി വത്കരണം പ്രഖ്യാപിച്ചു

0
1913

റിയാദ്: സഊദിയിൽ മെഡിക്കൽ മേഖലകളിൽ കൂടുതൽ സഊദി വത്കരണം പ്രഖ്യാപിച്ചു. ഹെൽത്ത് സ്പെഷ്യാലീറ്റീസുമായും മെഡിക്കൽ ഉപകരണങ്ങളുമായും ബന്ധപ്പെട്ട പ്രൊഫഷനുകൾ കൂടി സഊദി വത്ക്കരിക്കാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനം. മെഡിക്കൽ ലാബോറട്ടറി, റേഡിയോളജി, ഫിസിയോതെറാപ്പി, തെറാപിറ്റിക് ന്യൂട്രീഷൻ എന്നീ പ്രൊഫഷനുകൾ സഊദിവത്ക്കരിക്കാനാണ് തീരുമാനം. ഈ പ്രൊഫഷനുകളിൽ 60 ശതമാനം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം.

ഇതിന് പുറമെ മെഡിക്കൽ ഉപകരണങ്ങളുടെ സഊദിവത്ക്കരണത്തിൽ സെയിൽ, പരസ്യം, ഉപകരണം പരിചയപ്പെടുത്തൽ എന്നിവയിലും സഊദി വത്ക്കരണം നടപ്പാക്കും. ആദ്യ ഘട്ടത്തിൽ 40 ശതമാനവും രണ്ടാം ഘട്ടത്തിൽ 80 ശതമാനവുമായിരിക്കും സഊദിവത്ക്കരണം നടപ്പാക്കുക. ഇതോടൊപ്പം, സ്വകാര്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഉപകാരണങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ആൻ്റ് ടെക്നിക്കൽ പ്രൊഫഷനുകളും സഊദി വത്കരിക്കും. ഈ മേഖലയിൽ ആദ്യ ഘട്ടത്തിൽ 30 ശതമാനവും രണ്ടാം ഘട്ടത്തിൽ 50 ശതമാനവുമായിരിക്കും സഊദിവത്ക്കരിക്കുക.

ഇതോടൊപ്പം, മെഡിക്കൽ മേഖലയിൽ അടിസ്ഥാന ശമ്പളവും നിശ്ചയിച്ചിട്ടുണ്ട്. ദന്ത ഡോക്ടർ, ഫാർമസിസ്റ്റ് ജോലികളിലേർപ്പെടുന്ന സ്വദേശികൾക്ക് മിനിമം ശമ്പളം 7,000 റിയാലായും ടെക്നീഷ്യനു 5,000 റിയാലുമായിരിക്കും ചുരുങ്ങിയ വേതനമെന്നും മന്ത്രാലയം വ്യക്തമാക്കി. 2022 ഏപ്രിൽ 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ തസ്തികകളിൽ നിയമിക്കപ്പെടുന്ന സഊദി പൗരന്മാർക്ക് മിനിമം ശമ്പളം 7,000 റിയാൽ ശമ്പളം നൽകിയാലേ സ്വദേശിവത്കരണ ഗണത്തിൽ ആ നിയമനത്തെ കണക്കാക്കുകയുള്ളൂ. ഈ മേഖലയിൽ സഊദി വത്കരണം നടത്തുന്നതോടെ 8,500 ലധികം സഊദി യുവതീ യുവാക്കൾക്ക് ഇത് വഴി തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് മന്ത്രാലയം കരുതുന്നത്.