സഊദിയിൽ ബിനാമി ബിസിനസ് തുടച്ചു നീക്കാൻ കർമ്മ പദ്ധതി, വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം

0
3243

റിയാദ്: ബിനാമി ബിസിനസ് പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശക്തമായ നീക്കങ്ങളുമായി സഊദി അറേബ്യ. ഇതിന്റെ ഭാഗമായി ഇത്തരം ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്യത്തൊട്ടാകെയുള്ള ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് നിലപാട് കൂടുതൽ കർശനമാക്കിയത്. വിവരങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും പുറമെ പിഴയായി ഈടാക്കുന്ന സംഖ്യയിൽ നിന്ന് നിശ്ചിത തുക ലഭിക്കുകയും ചെയ്യും.

രാജ്യത്ത് സ്പോൺസറുടെ പേരിൽ വിദേശികൾ നടത്തുന്ന ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇവർക്ക് ശമ്പള വർധനവും ബോണസുമാണ് ഓഫർ. വിവരം നൽകുന്ന സഊദി പൗരന്മാർക്കും പിഴയായി ലഭിക്കുന്ന സംഖ്യയില്‍ നിന്ന് ഒരു ഭാഗം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങാണ് രീതിയും അവലംഭിക്കുന്നുണ്ട്.

നിലവിൽ ബിനാമി ബിസിനസ്സുകാർക്ക് പദവി ശരിയാക്കാൻ നൽകിയ കാലയളവിൽ നിരവധി പേർ ഇതിനകം തന്നെ സ്വന്തം പേരിലേക്ക് മാറ്റുകയോ സ്പോൺസറുമായി പാർട്ണർഷിപ്പിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, മലയാളികൾ ഇപ്പോഴും ഇക്കാര്യത്തിൽ പിറകിലാണെന്നും പഴയത് പോലെ തന്നെ മുന്നോട്ട് പോകുമെന്ന ധാരണയാണെന്നും ഈ മേഖലകളിൽ കൺസൽട്ടൻസി നടത്തുന്നവർ പറയുന്നു. ഇക്കാര്യത്തിൽ ചെറുകിട സ്ഥാപനങ്ങളാണ് ഏറ്റവും പിറകിൽ.

2022 ഫെബ്രുവരി 16നുള്ളില്‍ പദവി ശരിയാക്കാനാണ് നിലവിലുള്ള നിർദേശം. ഇതിനു ശേഷം പരിശോധന കര്‍ശനമാക്കും. പിടിക്കപ്പെട്ടാൽ അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസിനസ് സംരഭങ്ങള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തും