റിയാദ്: ഇറാൻ പിന്തുണയുള്ള യമനിലെ ഹൂത്തി സായുധസേന വിക്ഷേപിച്ച ആയുധ ഡ്രോൺ ജിസാനിലെ കിംഗ് അബ്ദുള്ള രാജ്യാന്തര വിമാനത്താവളത്തിൽ പതിച്ച സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സഊദി അറേബ്യൻ സഖ്യസേന അറിയിച്ചു. ബോംബ് നിറച്ച ഡ്രോൺ ഉപയോഗിച്ച് വിമാനത്താവളം ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്ന് അറബ് സഖ്യ സേന വക്താവ് ജനറൽ തുർക്കി അൽ-മാൽക്കി വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ യാത്രക്കാരും എയർപോർട്ട് ജീവനക്കാരുമുൾപ്പെടെ പത്ത് പേർക്കാണ് പരിക്കേറ്റത്. യാത്രക്കാരും എയർപോർട്ട് ജീവനക്കാരുമായ ആറ് സഊദി പൗരന്മാർ, എയർപോർട്ട് ജീവനക്കാരായ മൂന്ന് ബംഗ്ലാദേശ് ഒരു സുഡാനീസ് പൗരൻ എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ കണക്കുകൾ. ആക്രമണത്തിൽ എയർപോർട്ടിനും മെറ്റീരിയലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .
വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ രണ്ടാമത്തെ ഡ്രോൺ തകർത്തതായി അറബ് സഖ്യ സേന പിന്നീട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.
