ന്യൂഡൽഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം. എയര്‍ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭ്യമായതോടെയാണിത്. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഏറ്റെടുത്തത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.
നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാനുള്ള സര്‍ക്കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് ഒടുവിൽ രംഗത്തുണ്ടായിരുന്നത്. സ്‌പൈസ് ജെറ്റിനേക്കാള്‍ ടാറ്റ ഗ്രൂപ്പ് അയ്യായിരം കോടി രൂപ അധികം വാഗ്‌ദാനം ചെയ്തിരുന്നു. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറിയിരുന്നു.
എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. 2007 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചു.
ഇതോടെ, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തി. 1932 ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).




