സഊദിയിൽ മാസ്ക് ഉപയോഗം ഒഴിവാക്കുമോ? മൂന്നാം ഡോസ് എല്ലാവർക്കും ഉണ്ടാകുമോ? മന്ത്രാലയ പ്രതികരണം ഇങ്ങനെ

0
7851

റിയാദ്: സഊദിയിൽ രണ്ട് ഡോസുകൾ ലഭിച്ചവർക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആവശ്യകതകളിലൊന്നായ മാസ്ക് ഉപേക്ഷിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് ആരോഗ്യ മന്ത്രാലയം. രണ്ട് ഡോസുകൾ സ്വീകരിച്ചവരിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ്‌ അബ്ദുൽ അൽ ആലി പറഞ്ഞു.

രണ്ട് ഡോസ് കുത്തിവയ്പ്പ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, പക്ഷേ ഇത് തടയുന്നില്ല, പ്രത്യേകിച്ചും പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കാത്ത വ്യക്തികളുടെ സാന്നിധ്യത്തിൽ. കൊറോണ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി പറഞ്ഞു. കൊറോണ മഹാമാരി ഇപ്പോഴും ലോകത്ത് തുടരുന്നു. അതിനാൽ ലോകത്ത് പകർച്ചവ്യാധി അവസാനിക്കുന്നതുവരെ മാസ്ക് ധരിക്കുന്നത് പോലുള്ള ചില പ്രതിരോധ നടപടികൾ പാലിക്കേണ്ടതുണ്ട്.

കൊറോണ വാക്സിൻ മൂന്നാമത്തെ ഡോസ് സംബന്ധമായ ചോദ്യത്തിന്, ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും അനുസരിച്ചാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും അതിനാൽ അവയവമാറ്റ രോഗികൾ പോലുള്ള ചില ഗ്രൂപ്പുകൾക്ക് മൂന്നാം ഡോസ് നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൃക്ക രോഗികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് മൂന്നാം ഡോസ് നൽകി വരുന്നുണ്ട്. കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാമത്തെ ഡോസ് നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.