ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗളായി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നൽകുന്ന “പ്രവാസ വിരാമ ആനുകൂല്യം” പദ്ധതിയുടെ വിതരണ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം.പി മലപ്പുറം കോട്ടക്കുന്ന് ഭാഷാ സമര സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി അംഗളാവുകയും 2021-22 വർഷത്തെ അംഗത്വം 01-04-2021 ന് പുതുക്കി ഈ വർഷത്തെ പദ്ധതിയിൽ അംഗമായിരിക്കെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വരുന്ന അംഗങ്ങൾക്ക് 25,000 രൂപയും മൂന്ന് വർഷം തുടർച്ചയായി അംഗങ്ങളായവർക്ക് 10,000 രൂപയുടേയും ആനുകൂല്യമാണ് ഈ വർഷത്തെ കുടുംബ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്നത്.
ജീവകാരുണ്യ മേഖലയിൽ തല ഉയർത്തി നിൽക്കുന്ന നാലക്ഷരമാണ് കെഎംസിസിയെന്നും സഹജീവി സ്നേഹത്തിന്റെ പര്യായമായ കെഎംസിസി പ്രവാസികളുടെ അത്താണിയും നാട്ടുകാരുടെ ആശ്രയവുമാണെന്ന് ഇ. ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. ദീർഘ കാലം പ്രവാസ ജീവിതം നയിച്ച് തിരിച്ച് വരുന്നവർക്ക് ആനുകൂല്യം നൽകി അവരെ ചേർത്ത് നിർത്താൻ തീരുമാനിച്ച മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നും ഈ പദ്ധതി മാതൃകാപരമായ പദ്ധതിയായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം.എ ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു. ചാന്ദികയുടെ മുൻ മാനേജിംഗ് എഡിറ്റർ സി. പി സൈതലവി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
20 വർഷം മുൻപ് ജിദ്ദ- മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയാണ് പ്രവാസ ലോകത്തിന് മാതൃകയായ സുരക്ഷാ പദ്ധതിക്ക് ആദ്യമായി തുടക്കം കുറിച്ചത്. പിൽകാലത്ത് പല കെഎംസിസി കമ്മിറ്റികളും സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ആനുകൂല്യവും ആദ്യമായി പ്രഖ്യാപിച്ച് നടപ്പിൽ വരുത്തിയതും വിവിധ കാലങ്ങളിൽ നിലവിൽ വന്ന ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റികളാണ്. തുഛമായ വാർഷിക വരിസംഖ്യ നൽകി അംഗമാവുന്നവർക്ക് നിലവിൽ പ്രവാസ വിരാമ ആനുകൂല്യത്തിന് പുറമെ അഞ്ച് ലക്ഷത്തോളം രൂപ മരണാനന്തര ആനുകൂല്യമായും അമ്പതിനായിരത്തോളം രൂപ ചികിത്സാ ആനുകൂല്യമായും ജോലി ചെയ്യാൻ പറ്റാത്ത വിധം അംഗ വൈകല്യം സംഭവിച്ചവർക്ക് ഒരു ലക്ഷം രൂപയും നൽകി വരുന്നു.
ചടങ്ങിൽ വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എം കുട്ടി മൗലവി, മൂർക്കനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സഹൽ തങ്ങൾ, കെ എം സി സി നേതാക്കളായ വി. പി മുസ്തഫ, പാഴേരി കുഞ്ഞിമുഹമ്മദ്, സി. സി കരീം, ഷൗക്കത്ത് ഞാറക്കോടൻ, നാസർ കാടാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. വിവിധ മണ്ഡലം, മുനിസിപ്പൽ – പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ ബാബു കോട്ടപ്പുറം സ്വാഗതവും ട്രഷറർ മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു. ഹംസ ഫൈസൽ വാഫി ഖിറാഅത്ത് നടത്തി.