റിയാദ്: നൂറിലധികം വാഹനങ്ങൾ മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കയറ്റിയയച്ച വിദേശികൾ ഉൾപ്പെടെ 27 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. വിവിധ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനായി 101 വാഹന മോഷണങ്ങൾ നടത്തിയ 14 പൗരന്മാരെയും 13 വിദേശികളെയുമാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ശേഷം വാഹനങ്ങൾ പാർട്സുകൾ ആക്കിയും പുറത്തേക്ക് കടത്തിയിട്ടുണ്ട്.
14 സഊദി പൗരന്മാരെ കൂടാതെ, 5 യെമൻ, 4 ജോർദാൻ, 3 സിറിയൻ, ഒരു സുഡാൻ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വില്‍പനക്ക് ജോര്‍ദാനിലുള്ള ഒരാളുമായി സഹകരിച്ചാണ് ഇവിടെ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തിയത്.

ഇതുവരെ 101 വാഹനങ്ങളാണ് ഇവര്‍ കടത്തിക്കൊണ്ടുപോയത്. തകർന്നതും കേടായതുമായ വാഹനങ്ങളുടെ ഭാഗങ്ങൾ തരംതിരിക്കുകയും പിന്നീട് അത് പല തരത്തിൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു സംഘം. അവരുടെ കൈവശം നിന്ന് 500 കിലോഗ്രാം വേർതിരിച്ചെടുത്ത പ്ലാറ്റിനവും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു.




