ഖത്തറിൽ ഇനി നേരെ ശ്വാസം വിടാം, മാസ്ക് ആവശ്യമില്ല, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

0
4040

ദോഹ: ഖത്തറില്‍ ഇനി മുതൽ ഔട്ട്‌ഡോറില്‍ മാസ്‌ക്ക് വേണ്ട. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം ആരംഭിക്കുന്ന ഒക്ടോബര്‍ 3 നാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. എക്‌സിബിഷന്‍ നടക്കുന്ന ഇടം, മാര്‍ക്കറ്റ് തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ഒഴികെ ഒക്ടോബര്‍ 3 മുതല്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് പുതിയ തീരുമാനത്തില്‍ പറയുന്നു.

എന്നാല്‍, ഇന്‍ഡോര്‍, മസ്ജിദ് പരിസരം, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മാസ്‌ക്ക് വേണം. തുറന്ന സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുന്ന ജോലിക്കാരും തൊഴില്‍ സമയത്ത് മാസ്‌ക്ക് ധരിക്കണം.

ഓഫിസുകളില്‍ നടക്കുന്ന മീറ്റിങുകളില്‍ പരമാവധി 30 പേര്‍ക്ക് വരെ പങ്കെടുക്കാം. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ചതോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് തുടരണം. വീടുകളിലും മജ്‌ലിസുകളിലും വാക്‌സിനെടുത്ത 30 പേര്‍ക്കും വാക്‌സിനെടുക്കാത്ത അഞ്ചുപേര്‍ക്കും ഒത്തുചേരാം. ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 50 പേര്‍ക്കും വാക്‌സിനെടുക്കാത്ത 10 പേര്‍ക്കും അനുമതി. ഒരേകുടുംബത്തില്‍പ്പെട്ട 30 പേര്‍ക്ക് ബീച്ചിലും കോര്‍ണിഷിലും ഒരുമിക്കാം.

വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടുതല്‍ പാടില്ല. ബസ്സുകളിലും വാനുകളിലും 75 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും അനുമതി.

പള്ളികള്ളിൽ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും, ടോയിലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും തുറക്കും. തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്ക് അനുമതി നൽകും. എന്നാൽ, 75 ശതമാനം പേര്‍ വാക്‌സിനെടുത്തവര്‍ ആയിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം നൽകും. എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും 12 വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം മാത്രം പ്രവേശിപ്പിക്കുകയും ചെയ്യും. ഖത്തർ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ കുറവുണ്ടായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ബുധനാഴ്ച ഖത്തറിൽ 76 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ആക്റ്റീവ് കേസുകളുടെ എണ്ണം 1,282 ആയി ഉയർന്നു. ഖത്തറിൽ ഇതുവരെ 605 പേരാണ് കൊവിഡ് -19 ബാധിച്ച് മരിച്ചത്.