റിയാദ്: മരിച്ചുപോയ സഊദി സഹോദരിയെപ്പോലെ ആൾമാറാട്ടം നടത്തി 19 വർഷം ജീവിച്ച ഒരു പ്രവാസി സ്ത്രീയെ സുരക്ഷാ അധികൃതർ ചോദ്യം ചെയ്തു. മരിച്ചുപോയ സഊദി സഹോദരിയുടെ ഐഡി ദുരുപയോഗം ചെയ്തതായി സംശയിക്കുന്ന സ്ത്രീയെ കുറിച്ച് യുവതിയുടെ ബന്ധുവാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. അവർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബന്ധു യുവതിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്ന് അൽ വത്വൻ റിപ്പോർട്ട് ചെയ്തു. തന്റെ സഹോദരിയെ പോലെ ആൾമാറാട്ടം നടത്തിയെന്നും, മരിച്ചുപോയ സഹോദരിയെ നേരത്തെ വിവാഹം കഴിച്ച ഭർത്താവിന്റെ ഒത്താശയോടെയാണ് ഇതെന്നും യുവതി കുറ്റം സമ്മതിച്ചു.
സംഭവം ഇങ്ങനെ, വിദേശ യുവതിയെ സഊദി പൗരൻ വിവാഹം കഴിച്ചിരുന്നു. പിന്നീട് യുവതി സഊദി പൗരനൊപ്പം സഊദിയിലെത്തി ജീവിതം ആരംഭിച്ചു. യുവതിക്ക് സഊദി ഐഡന്റ്റിറ്റി അടക്കം ലഭിച്ചു. ഇതിനിടെ, യുവതിക്ക് അസുഖം ബാധിക്കുകയും ചികിത്സക്കായി സ്വദേശത്തേക്ക് പോകുകയും ചെയ്തു. എന്നാൽ, യുവതി സ്വദേശത്തു വെച്ച് മരണപ്പെടുകയും ചെയ്തു. ഇതിനിടെ യുവതിയുടെ നാട്ടിലേക്ക് പോയ ഭർത്താവ് ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യുകയും ശേഷം പുതിയ ഭാര്യയുമായി യുവാവ് സഊദിയിൽ എത്തുകയും ആദ്യ ഭാര്യയുടെ ഐഡന്റിറ്റി രണ്ടാം ഭാര്യക്ക് ഉപയോഗിക്കുകയുമായിരുന്നു. ഒരു സഊദി പൗരയെന്ന നിലയിൽ യുവതി തന്റെ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് തുടർന്നു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ യുവതി ശ്രമം നടത്തിയെങ്കിലും ഒടുവിൽ കള്ളി പൊളിഞ്ഞു. സഊദി ഐഡന്റിറ്റി കാർഡിലെ ഡാറ്റയുമായി പൊരുത്തപ്പെടുന്ന പ്രായം പോലുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രസ്താവനകളിൽ ഉദ്യോഗസ്ഥർ വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയായിരുന്നു. പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആവർത്തിച്ച ഒരു മണിക്കൂറിലധികം ചോദ്യം ചെയ്യലിന് ശേഷം സ്ത്രീ പൊട്ടിക്കരഞ്ഞു. ഒടുവിൽ അവൾ വഹിച്ച ഐഡിയുടെ യഥാർത്ഥ ഉടമ അവളുടെ സഹോദരിയാണെന്ന് പറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു.
മരിച്ചുപോയ തന്റെ ഭർത്താവ് ഒരു സഊദി പൗരനാണെന്നും അവർ ആദ്യം തന്റെ സഹോദരിയെ വിവാഹം കഴിച്ചുവെന്നും അവർ ഒരുമിച്ച് രാജ്യത്ത് ജീവിച്ചുവെന്നും തുടർന്ന്, യുവതിയുടെ സഹോദരി സഊദി പൗരത്വം നേടിയതും അസുഖം ബാധിച്ച് മരി മരിച്ചതടക്കമുള്ള കാര്യങ്ങളും സഹോദരിയുടെ ഭർത്താവ് തന്നെ വിവാഹം കഴിച്ചുവെന്ന കഥയും യുവതി വെളിപ്പെടുത്തുകയായിരുന്നു. ഭർത്താവിന്റെ മരണത്തിനുശേഷവും സഊദിയിൽ ജീവിച്ച യുവതി 19 വർഷക്കാലമാണ് തന്റെ സഹോദരിയുടെ സഊദി ഐഡി ഉപയോഗിച്ചത്. കുടുംബവുമായി അടുപ്പമുള്ളവർക്ക് മാത്രമേ ഇക്കാര്യം അറിയൂവെന്നും അവരുടെ ബന്ധുക്കളിൽ ഒരാൾ വ്യക്തിപരമായ തർക്കത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുന്നതുവരെ ആൾമാറാട്ടം തുടർന്നുവെന്നും സ്ത്രീ പറഞ്ഞു.
ക്രിമിനൽ നടപടിക്രമങ്ങളുടെ കോഡ് ആർട്ടിക്കിൾ 19 പ്രകാരം വ്യാജ രേഖ ഉപയോഗിച്ചതിന്റെ പേരിൽ സ്ത്രീക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.