സഊദിയിൽ സ്റ്റേഡിയങ്ങളിൽ നൂറ് ശതമാനം ശേഷിയിൽ പ്രവേശനം നൽകും

0
1421

റിയാദ്: അടുത്ത ഒക്ടോബർ മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ സ്റ്റേഡിയങ്ങളിൽ ബഹുജന പങ്കാളിത്ത ശേഷി 100 ശതമാനം വർദ്ധിപ്പിക്കാൻ കായിക മന്ത്രാലയം ഉദ്ദേശിക്കുന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തി.
അടുത്തകാലത്ത് രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുറഞ്ഞതിനാൽ സ്റ്റേഡിയങ്ങളിൽ ശേഷി 100 ശതമാനം ആയി ഉയർത്താൻ മന്ത്രാലയം ഉദ്ദേശിക്കുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി സഊദി ചാനലിൽ പ്രക്ഷേപണം ചെയ്ത “സ്പോർട്ട് സ്കൂപ്പ്” പ്രോഗ്രാം വെളിപ്പെടുത്തി.

കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ 2022 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരത്തിൽ അടുത്ത ഒക്ടോബർ ഏഴിന് നടക്കുന്ന ജപ്പാനെതിരായ ദേശീയ ടീമിന്റെ മത്സരമായിരിക്കും 100 ശതമാനം കാണികളുമായി നടക്കുന്ന ആദ്യ മത്സരം എന്ന് ഉറവിടങ്ങൾ സൂചിപ്പിച്ചു.

നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും പിന്നീട് കുറഞ്ഞ ആളുകൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വൈറസ് ബാധ ക്രമാതീതമായി കുറയുകയും വാക്സിൻ നടപടികൾ അവസാന ഘട്ടത്തിൽ എത്തുകയും ചെയ്തതോടെയാണ് സ്റ്റേഡിയങ്ങളിലും പൂർണ ശേഷിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.