റിയാദ്: ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് ഒക്ടോബർ ഒന്ന് മുതൽ വിമാന സർവ്വീസിന് അനുമതി നൽകിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. സഊദിയിലെ പ്രമുഖ മാധ്യമത്തിന്റെ ട്വിറ്റർ സ്ക്രീൻ ഷോട്ട് എന്ന തരത്തിലാണ് വ്യാജ പ്രചരണം നടക്കുന്നത്. സഊദി അറേബ്യ വിലക്ക് നീക്കിയെന്നും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് വരാൻ അനുമതി നൽകിയെന്ന സ്ക്രീൻ ഷോർട്ട് ആണ് പ്രചരിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ സർവ്വീസ് ഉണ്ടാകുമെന്നും ഈ വ്യാജ വാർത്ത സ്ക്രീൻ ഷോട്ടിൽ പറയുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സോഷ്യൽ മീഡിയ അകൗണ്ടുകളിലാണ് വ്യാജൻ ഓടുന്നത്. ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷിച്ച് പലരും ബന്ധപ്പെടുന്നുണ്ട്. എന്നാൽ, പ്രചരിക്കുന്ന വാർത്ത വ്യാജനാണെന്നും വഞ്ചിതരാകരുതെന്നുമാണ് പ്രവാസികളോട് പറയാനുള്ളത്.

പ്രചരിക്കുന്ന വ്യാജ വാർത്ത
നിലവിൽ സഊദി അധികൃതർ ഇത്തരത്തിൽ ഒരു പ്രസ്താവന ഇത് വരെ പുറത്തു വീട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഒരു വിഭാഗത്തിന് മാത്രമാണ് നേരിട്ട് അനുമതി. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് റീ എൻട്രിയിൽ പോയി തിരിച്ചു വരുന്നവർക്ക് മാത്രമാണ് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. മറ്റുള്ള മുഴുവൻ വിഭാഗക്കാർക്കും വിലക്കില്ലാത്ത രാജ്യങ്ങളിൽ പതിനാല് ദിവസം കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം സാധ്യമാകൂ. നേരിട്ട് പ്രവേശന വിലക്ക് ഉടൻ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.




