തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികൾ വന്നാൽ പരിശോധിക്കുമെന്നും വ്യക്തമാക്കി.
കൊവിഡിന് ഇരയായവരുടെ ബന്ധുക്കൾക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നിർദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നൽകേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിർദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.
ഉത്തരവിന് പിന്നാലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിന് ഒഴിയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾക്കും പൂർണമായി ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും എന്നാൽ കേന്ദ്രം ബാധ്യത വഹിക്കില്ലെന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഈ സമീപനം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് കോടതി ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കണ്ടെതാണ്.




