അബുദാബി: യുഎഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. സെപ്റ്റംബർ 22 ബുധനാഴ്ച നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, ആളുകൾ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയുണ്ട്. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി അനുസരിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റിലെ ചില പ്രദേശങ്ങളിൽ നിർബന്ധിത മാസ്ക് നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ അവരുടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമല്ല. നീന്തൽക്കുളത്തിലും ബീച്ചിൽ പോകുന്നവർക്കും ഇനി മാസ്ക് വേണ്ട. മെഡിക്കൽ സെന്റർ രോഗികളും ബ്യൂട്ടി സലൂണുകളുടെയും ബാർബർ ഷോപ്പുകളുടെയും ഉപഭോക്താക്കൾക്ക് ഇനിമുതൽ മാസ്ക് ധരിക്കണമെന്ന് നിയമം അനുശാസിക്കില്ലെന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
മാസ്ക് ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഉടൻ അതറിയിച്ചുള്ള അടയാളങ്ങൾ പതിക്കും. അതേസമയം മറ്റെല്ലാ പൊതു സ്ഥലങ്ങളിലും മാസ്കുകൾ നിർബന്ധമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതിന് മുമ്പ് 3,000 ദിർഹം (816 ഡോളർ) പിഴയാണ് ഈടാക്കിയിരുന്നത്.

വൈറസിനെതിരായ പോരാട്ടത്തിൽ മാസ്കുകൾ ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിൽ ഒന്നാണെന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിപറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഓഗസ്റ്റിൽ പ്രതിദിന കോവിഡ് -19 കേസുകളുടെ എണ്ണം 60 ശതമാനം കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം.
ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. രാജ്യത്തെ 92 ശതമാനത്തിലധികം നിവാസികൾക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിക്കുകയും 81 ശതമാനത്തിലധികം പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകുകയും ചെയ്തിട്ടുണ്ട്.