നാട്ടിൽ കുടുങ്ങിയവരുടെ ഇഖാമയും റീ എൻട്രിയും നവംബർ 30 വരെ പുതുങ്ങി തുടങ്ങി

0
4434

റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കി തുടങ്ങി. നേരത്തെ ഇവ രണ്ടും സെപ്റ്റംബർ അവസാനം വരെ പലർക്കും പുതുക്കി കിട്ടിയിരുന്നു. സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗജന്യമായി നീട്ടി നൽകാൻ ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവിട്ടിരുന്നത്. അവസാന പ്രഖ്യാപന പ്രകാരമുള്ള നവംബർ 30 വരെയാണ് ഇപ്പോൾ പുതുക്കി കിട്ടിയതെന്ന് അനുഭവസ്ഥർ പറയുന്നു.

കാലാവധി കഴിഞ്ഞവരുടേത് നവംബർ 30 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക. ഗവണ്മെന്റ് പ്രഖ്യാപിച്ച മാനദണ്ഡങളിൽ ഉൾപ്പെട്ടവർക്ക് ഓട്ടോമാറ്റിക് ആയി പുതുങ്ങി കിട്ടുമെന്നത് തീർച്ചയാണ്.

ഇഖാമാ റി എൻട്രി കാലാവധികൾ അവസാനിച്ച് നിൽക്കുന്ന നിരവധി പ്രവാസികൾക്ക് സൗജന്യമായി പുതുക്കി നൽകിയത് വലിയ ആശ്വാസമാകും.