മോസ്‌കോ: റഷ്യൻ നഗരമായ പെർമിലെ ഒരു സർവകലാശാലയിൽ തിങ്കളാഴ്ച ഒരു വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് ആറുപേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോസ്കോയ്ക്ക് കിഴക്ക് 1,300 കിലോമീറ്റർ (800 മൈൽ) അകലെയുള്ള പെർം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. വെടിവയ്പ്പിനുശേഷം ആക്രമിയായ വിദ്യാർത്ഥി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി യൂണിവേഴ്സിറ്റി വക്താവ് നതാലിയ പെച്ചിഷ്ചേവ പറഞ്ഞു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വന്നിട്ടുണ്ട്.
കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർത്ഥികൾ ഒന്നാം നിലയിലെ ജനാലകളിൽ നിന്ന് താഴേക്ക് ചാടുന്നതും സുരക്ഷിതമായി രക്ഷപ്പെടാനുള്ള ദൃശ്യങളും മാധ്യമങ്ങൾ പുറത്തു വിട്ടു. ആക്രമണ സമയത്ത് ക്ലാസ് മുറിയിൽ 60 ഓളം ആളുകൾ ഉണ്ടായിരുന്നുവെന്നും ഞങ്ങൾ വാതിൽ അടച്ച് കസേരകൾ ഉപയോഗിച്ച് തടയുകയായിരുന്നുവെന്നും വിദ്യാർത്ഥി സെമിയോൺ കാര്യകിൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
റൈഫിൾ, ഹെൽമെറ്റ്, വെടിമരുന്ന് എന്നിവയുമായി പോസ് ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ഫോട്ടോ സംഭവത്തിന് മുമ്പ് ആക്രമണം നടത്തിയ 18 കാരനായ വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. “ഞാൻ ഇതിനെക്കുറിച്ച് വളരെക്കാലമായി ചിന്തിച്ചു, വർഷങ്ങളായി, ഞാൻ സ്വപ്നം കണ്ടത് ചെയ്യാൻ സമയമായി എന്ന് ഞാൻ മനസ്സിലാക്കി” പിന്നീട് ഡിലീറ്റ് ചെയ്‌ത ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ വർഷം ആദ്യം കസാൻ നഗരത്തിലെ ഒരു സ്കൂളിൽ ഒരു കൗമാരക്കാരനായ ഏക ഗൺമാൻ വെടിയുതിർക്കുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2018-നു ശേഷം റഷ്യയുടെ ഏറ്റവും വലിയ സ്കൂൾ വെടിവെപ്പിൽ ഒരു കോളേജിലെ ഒരു വിദ്യാർത്ഥി 20 പേരെ കൊലപ്പെടുത്തൊയിരുന്നു. കസാൻ വെടിവെപ്പിന് ശേഷം തോക്കുകൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം റഷ്യ 18 ൽ നിന്ന് 21 ആയി ഉയർത്തിയെങ്കിലും പുതിയ നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
വീഡിയോ👇




