റിയാദ്: രാജ്യത്തെ ഓരോ പ്രവിശ്യയിലെയും കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകൾ സഊദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു. രാജ്യത്താകമാനം പകുതിയിലധികം ആളുകൾ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചതായുള്ള കണക്കുകൾ വന്നതിനു പിന്നാലെയാണ് രാജ്യത്തെ ഓരോ മേഖലകളിലെയും വാക്സിനേഷൻ കണക്കുകൾ മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
വാക്സിനേഷൻ രണ്ടു ഡോസും സ്വീകരിച്ചവരിൽ ഏറ്റവും മുന്നിൽ അൽബാഹയാണ്. അൽബാഹയിൽ ആകെ ജനസംഖ്യയുടെ 65.1 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച കഴിഞ്ഞു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 64.8 ശതമാനവുമായി റിയാദ് രണ്ടാം സ്ഥാനത്തും കിഴക്കൻ പ്രവിശ്യ 64.1 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്.

മക്കയിൽ ആകെ ജനസംഖ്യയുടെ 57.6 ശതമാനവും അസീർ 54.9 ശതമാനവും ജസാൻ 52.5 ശതമാനവും തബൂക്ക് 51.4 ശതമാനവും മദീന 49.8 ശതമാനവും ഹായിൽ 49.6 ശതമാനവും വാക്‌സിൻ പൂർത്തീകരിച്ചു.
വടക്കൻ അതിർത്തികൾ 48.9 ശതമാനം, നജ്റാൻ 46.5 ശതമാനം, അൽ-ജൗഫ് 46.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.
അതേസമയം, രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം ൪.0,86 ദശലക്ഷം ഡോസുകളിൽ എത്തി, ഏകദേശം 23.08 ദശലക്ഷം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ എങ്കിലും ലാഭമായിട്ടുണ്ട്.