ന്യൂഡല്‍ഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് പുനരാരംഭിക്കുന്നതും ചർച്ചയായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ അയയ്ക്കണമെന്ന് സഊദി അറേബ്യയോട് അഭ്യർത്ഥിക്കുകയും ചെയ്തതായും വിദേശ കാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

തന്ത്രപരമായ മേഖലകളിൽ സഹകരണം, വിഡുമായി ബന്ധപ്പെട്ട പിന്തുണ, നേരിട്ടുള്ള വിമാനങ്ങളുടെ പുനരാരംഭം, അഫ്ഗാനിസ്ഥാൻ, ഇന്തോ-പസഫിക് മുതലായവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവ ചർച്ചയായതായി അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, 2019 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യ സന്ദർശിച്ചപ്പോൾ ഇരുപക്ഷവും തമ്മിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ കരാർ നടപ്പാക്കുന്നത് രണ്ട് മന്ത്രിമാർ അവലോകനം ചെയ്തു. കരാർ പ്രകാരം ചേർന്ന യോഗങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സംസ്കാരം, കോൺസുലാർ പ്രശ്നങ്ങൾ, ആരോഗ്യ പരിപാലനം, മാനവ വിഭവശേഷി എന്നിവയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ നടപടികൾ ഇരുപക്ഷവും ചർച്ച ചെയ്തു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെയും മറ്റ് പ്രാദേശിക പ്രശ്നങ്ങളെയും കുറിച്ച് രണ്ട് മന്ത്രിമാരും അഭിപ്രായങ്ങൾ കൈമാറി. യുഎൻ, ജി -20, ജിസിസി തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ ഉഭയകക്ഷി സഹകരണം എന്നിവയും ചർച്ചയായി. കൊവിഡ് -19 മഹാമാരി സമയത്ത് ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണയ്ക്ക് ഇഎഎം സഊദി അറേബ്യയെ അഭിനന്ദിക്കുകയും ചെയ്തു.




