റിയാദ്: സഊദിയിൽ യുവാക്കൾക്കിടയിൽ വൻകുടൽ ക്യാൻസർ വർധിക്കുന്നതായി പഠനം. 2001 മുതൽ 2016 വരെ നടന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്ത് 50 വയസ്സിന് താഴെയുള്ള ആളുകളിൽ വൻകുടൽ കാൻസർ ഗണ്യമായ വർധിക്കുന്നതായി കണ്ടെത്തിയത്. ചില കാര്യങ്ങളിൽ തുടർച്ചയായി വ്യാപൃതരാകുന്നതാണ് വൻകുടൽ ക്യാൻസറിനു കാരണം. ഭക്ഷണ ക്രമീകരണവും ജീവിത ശൈലിയും വലിയ ഘടകങ്ങളാണ്.
പൊണ്ണത്തടി, ഫാസ്റ്റ് ഫുഡ്, വ്യായാമക്കുറവ് എന്നിവയാണ് വൻ കുടൽ കാൻസറിന് പ്രധാനമായും കാരണമാകുന്നതെന്ന്
ഗവേഷണത്തിൽ പങ്കെടുത്തവരിൽ ഒരാളായ ഡോ. കനാൻ അൽ ശമ്മരി പറഞ്ഞു.
വൻകുടൽ കാൻസർ നാല് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, രോഗ നിർണ്ണയത്തിനുള്ള പരിശോധനകൾ വർദ്ധിച്ചത് കൂടുതൽ എണ്ണം രോഗികളെ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. വിസർജ്ജന സമയത്ത് രക്തം ഒഴുകുകയും വിസർജ്ജന പ്രക്രിയകളിൽ മാറ്റം ഉണ്ടാകുകയും മലബന്ധം അല്ലെങ്കിൽ കടുത്ത വയറിളക്കം പോലുള്ളവ ഉണ്ടാകുകയും ചെയ്യുന്നതൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ.
പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തി പരിശോധന നടത്തി ചികിത്സിച്ചാൽ ഇതിൽ നിന്ന് മോചനം നേടാൻ സാധിക്കും.